പുരുഷന്മാർക്ക് സൗജന്യം നൽകിയാൽ പണം സർക്കാരിന് തിരികെ കിട്ടുമെന്ന് വി.ഡി. സതീശൻ
തിരുവനന്തപുരം: പ്രിയദര്‍ശനി സൗജന്യ യാത്ര പദ്ധതി സ്ത്രീകളോടുള്ള സര്‍ക്കാരിന്റെ ആദരവാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.അധികാരമേറ്റ് ഒരു മാസം തികയുന്നതിന് മുമ്പ് വാഗ്ദാനം പാലിക്കാനായതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സൗജന്യ യാത്ര സ്ത്രീകള്‍ക്ക് നല്‍കുന്ന ഔദാര്യമല്ല. അഭിമാനത്തോടെ സര്‍ക്കാര്‍ വണ്ടിയില്‍ യാത്ര ചെയ്യാനുള്ള അവകാശമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുരുഷന്മാര്‍ക്കും സൗജന്യ യാത്ര വേണമെന്ന മെന്‍സ് അസോസിയേഷന്റെ ആവശ്യം മുഖ്യമന്ത്രി തള്ളി. അത് രസകരമായി കാണുന്നുവെന്നും പുരുഷന്മാര്‍ക്ക് സൗജന്യം കൊടുത്താല്‍ മിച്ചം വരുന്ന തുകയുടെ ചെറിയ ശതമാനം മാത്രമേ വീട്ടില്‍ നല്‍കൂ. ബാക്കി സര്‍ക്കാരിന് തന്നെ തിരികെ കിട്ടുമെന്നും അദ്ദേഹം പരിഹസിച്ചു.നിറകണ്ണോടെ കേരളത്തിലെ സ്ത്രീകള്‍ക്ക് പ്രിയദര്‍ശനി പദ്ധതി സമര്‍പ്പിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.




