മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകുന്നതിന് വിലക്ക്; ജൂൺ 12 വരെ ശക്തമായ മഴ തുടരും
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തമായി തുടരുന്നതിനാൽ വടക്കൻ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് റെഡ് അലർട്ട്. മലപ്പുറം, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ടുമാണ്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
അതേസമയം, വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ബാക്കി ഭാഗങ്ങളിലേക്കും സിക്കിം സംസ്ഥാനത്ത് പൂർണ്ണമായും പശ്ചിമ ബംഗാളിന്റെ ഉപ-ഹിമാലയൻ പ്രദേശങ്ങളുടെ ചില ഭാഗങ്ങളിലേക്കും ഇന്ന് കാലവർഷം പുതുതായി പ്രവേശിച്ചു. വടക്കൻ കർണാടകയുടെ ഉൾപ്രദേശങ്ങൾക്കും സമീപ പ്രദേശങ്ങൾക്കും മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്.സംസ്ഥാനത്ത് ജൂൺ 12 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Kerala Rain, Monsoon 2026, Red Alert, Orange Alert, Yellow Alert, Fishing Ban, IMD, Weather Update, Kozhikode, Kannur, Kasaragod, Malappuram, Wayanad, Kerala Monsoon, Kerala Weather, Heavy Rain, Alert News




