Vazhoor24x7 | 2026 ജൂൺ 20, l By: SVG
വാഴൂർ: കെ കെ റോഡ് പതിനഞ്ചാം മൈലിൽ ഗുരുമന്ദിരത്തിന് മുൻവശത്ത് ഇന്ന് മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു. അപകടത്തിൽ ആർക്കും പരിക്കേറ്റില്ല.കോട്ടയം ഭാഗത്തുനിന്ന് വന്ന സ്വകാര്യ ബസ് യാത്രക്കാരെ ഇറക്കാൻ നിർത്തിയതായിരുന്നു. ഇതിനിടെ പിന്നിൽ വന്ന കാർ ബസിന്റെ പുറകിൽ ഇടിച്ചു. തൊട്ടുപിന്നാലെ വന്ന ബൊലേറോ ജീപ്പും കാറിന്റെ പുറകിൽ ഇടിക്കുകയായിരുന്നു.
റോഡ് തടസ്സം, നാട്ടുകാരുടെ പരാതി
കെ കെ റോഡിലെ ഏറ്റവും ഇടുങ്ങിയ ജംഗ്ഷനാണ് പതിനഞ്ചാം മൈൽ. കോട്ടയം ഭാഗത്തുനിന്ന് വരുന്ന ബസുകൾ ഗുരുമന്ദിരത്തിന് മുന്നിൽ റോഡിൽ തന്നെ നിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത് പതിവാണ്. ഇത് പിന്നിൽ വരുന്ന വാഹനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി നാട്ടുകാർ പറയുന്നു."ബസ്റ്റോപ്പ് 100 മീറ്റർ മുൻപോട്ടു മാറ്റി ബസ് ബേയും വെയിറ്റിംഗ് ഷെഡും നിർമ്മിച്ചാൽ അപകടം കുറയ്ക്കാം. റോഡ് തടസ്സപ്പെടുന്നതും ഒഴിവാക്കാം," സമീപവാസികൾ ചൂണ്ടിക്കാട്ടി.
നിരവധി സ്കൂൾ വാഹനങ്ങൾ കടന്നുപോകുന്ന ജംഗ്ഷനിൽ സുരക്ഷാ മുൻകരുതലുകളോ സീബ്രാ ക്രോസിംഗോ പോലും ഇല്ലെന്ന് നാട്ടുകാർ ആരോപിച്ചു. അപകടം സംഭവിക്കുന്നതിന് മുമ്പ് ഹൈവേ അധികൃതരും ഗ്രാമപഞ്ചായത്തും ഇടപെട്ട് നടപടി സ്വീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.




