കൊച്ചി: യുഡിഎഫ് സർക്കാർ നടപ്പാക്കിയ പ്രിയദര്‍ശിനി സൗജന്യ ബസ് യാത്രാ പദ്ധതിക്കെതിരെ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്ന് തെളിയിക്കാന്‍ ഹര്‍ജിക്കാരനായില്ലെന്ന് കോടതി വ്യക്തമാക്കി.സ്ത്രീകള്‍ക്ക് മാത്രം കെഎസ്ആര്‍ടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്നത് ലിംഗാടിസ്ഥാനത്തിലുള്ള വേർതിരിവാണെന്ന് ചൂണ്ടിക്കാട്ടി എറണാകുളം സ്വദേശി മുഹമ്മദ് ഫിര്‍ദൗസാണ് ഹർജി നൽകിയത്. ഭരണഘടന ഉറപ്പുനൽകുന്ന തുല്യതക്കുള്ള അവകാശമായ ആർട്ടിക്കിൾ 14, 15 എന്നിവയുടെ ലംഘനമാണ് ഇതെന്ന് ഹർജിയിൽ ആരോപിച്ചു. തിരഞ്ഞെടുപ്പ് വാഗ്ദാനമായി രാഷ്ട്രീയ നേട്ടത്തിനായി മാത്രം പ്രഖ്യാപിച്ചതാണ് പദ്ധതിയെന്നും ഹർജിക്കാരൻ വാദിച്ചു.
എന്നാൽ ഹർജിക്കാരന്റെ ആരോപണങ്ങൾ തെളിയിക്കാനായില്ലെന്ന് നിരീക്ഷിച്ചാണ് കോടതി ഹർജി തള്ളിയത്. "വാക്ക് പാലിച്ചതായി കണ്ടുകൂടെ?" എന്നും "പദ്ധതി നിർത്തണമെന്ന് എങ്ങനെ പറയാനാകും?" എന്നും ഹർജി പരിഗണിക്കവേ കോടതി ചോദിച്ചിരുന്നു.സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതി കർണാടക, തമിഴ്നാട്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലും നടപ്പിലുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു.ഇതോടെ പ്രിയദര്‍ശിനി പദ്ധതി പ്രകാരമുള്ള സ്ത്രീകളുടെ സൗജന്യ യാത്ര തുടരും.
.jpg)



