കോട്ടയം: KSRTC ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതിക്ക് കോട്ടയം ജില്ലയിൽ തുടക്കമായി. ആദ്യ ദിനം തന്നെ വിവിധ കേന്ദ്രങ്ങളിൽ യാത്രയിൽ പങ്കുചേർന്നും മധുരം വിതരണം ചെയ്തും വനിതകൾ പദ്ധതി ആഘോഷമാക്കി.ജില്ലാതല ഉദ്ഘാടനം കോട്ടയം KSRTC ബസ് സ്റ്റാൻഡിൽ നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു. കുമരം വഴി ചേർത്തലയ്ക്ക് സർവീസ് നടത്തുന്ന ഓർഡിനറി ബസിലെ യാത്രക്കാരിക്ക് സ്പീക്കർ സീറോ ടിക്കറ്റ് കൈമാറി.
പ്രിയദർശിനി പദ്ധതി മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, കോട്ടയം നഗരസഭ അധ്യക്ഷൻ എം.പി. സന്തോഷ് കുമാർ, ജില്ലാ ട്രാൻസ്പോർട് ഓഫീസർ എസ്. രമേശ് എന്നിവർ സംസാരിച്ചു. കോട്ടയം ഡിപ്പോയിൽ 22 ഓർഡിനറി സർവീസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ലഭിക്കും.കടുത്തുരുത്തി നിയോജകമണ്ഡലംതല ഉദ്ഘാടനം കടുത്തുരുത്തി സെൻട്രൽ ജംഗ്ഷനിൽ ജലവിഭവ-ഭവനിർമാണ വകുപ്പ് മന്ത്രി മോൻസ് ജോസഫ് നിർവഹിച്ചു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വർഗീസിന് ആദ്യയാത്രയ്ക്കുള്ള സീറോ ടിക്കറ്റ് മന്ത്രി കൈമാറി.
സ്ത്രീസമൂഹത്തിന് സർക്കാർ നൽകുന്ന പരിഗണനയാണ് പദ്ധതിയിലൂടെ വ്യക്തമാകുന്നതെന്ന് മന്ത്രി പറഞ്ഞു.പുതുപ്പള്ളി ബസ് സ്റ്റാൻഡിൽ ചാണ്ടി ഉമ്മൻ എം.എൽ.എ, ഏറ്റുമാനൂരിൽ നാട്ടകം സുരേഷ് എം.എൽ.എ, പൊൻകുന്നം പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ പ്രൊഫ. റോണി കെ. ബേബി എം.എൽ.എ എന്നിവരും പ്രിയദർശിനി ബസിന്റെ യാത്ര ഉദ്ഘാടനം ചെയ്തു.ചങ്ങനാശേരി പെരുന്ന ബസ് സ്റ്റാൻഡിൽ വിനു ജോബ് എം.എൽ.എ, എരുമേലി, മുണ്ടക്കയം എന്നിവിടങ്ങളിൽ അഡ്വ. എം.ജെ. സെബാസ്റ്റ്യൻ എം.എൽ.എ, വൈക്കം KSRTC ബസ് സ്റ്റാൻഡിൽ കെ. ബിനിമോൻ എം.എൽ.എ എന്നിവരും ഉദ്ഘാടന ചടങ്ങുകൾക്ക് നേതൃത്വം നൽകി.




