തിരുവനന്തപുരം: പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം കേരളത്തിൽ ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നതും, തെക്ക്-പടിഞ്ഞാറൻ ഉത്തർപ്രദേശിനും അതിനോട് ചേർന്നുള്ള പ്രദേശങ്ങൾക്കും മുകളിലായി ശക്തി കൂടിയ ന്യൂനമർദ്ദ മേഖല നിലനിൽക്കുന്നതുമാണ് കേരളത്തിൽ മഴ ശക്തമാകാൻ കാരണമെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
ജൂലൈ 13 വരെ കേരളത്തിലും മാഹിയിലും നേരിയത് മുതൽ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് രാത്രി കേരളത്തിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും നാളെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
മലയോര മേഖലകളിൽ മണ്ണിടിച്ചിലും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.


