തിരുവനന്തപുരം: മീൻ വറുത്തതിൽ നിന്ന് ചത്ത അട്ടയെ കണ്ടെത്തിയതിന് പിന്നാലെ തലസ്ഥാനത്തെ പോലീസ് കാന്റീൻ കോർപറേഷൻ അടച്ചുപൂട്ടി. തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് കാന്റീനെതിരെയാണ് നടപടി.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു പോലീസുകാരൻ വാങ്ങിയ പാഴ്‌സലിലാണ് ചത്ത അട്ടയെ കണ്ടെത്തിയത്. ചോറിനൊപ്പം ഓഡർ ചെയ്ത മീൻ വറുത്തതിന്റെ പാഴ്‌സൽ വീട്ടിലെത്തി തുറന്നു നോക്കിയപ്പോഴാണ് അട്ടയെ കണ്ടതെന്ന് പരാതിക്കാരൻ പറഞ്ഞു. തുടർന്ന് നടത്തിയ പരിശോധനയിൽ കാന്റീൻ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്നതായി കണ്ടെത്തി.
പരിശോധനയ്ക്ക് പിന്നാലെ കാന്റീന്റെ നടത്തിപ്പുകാരോട് നേരിട്ട് ഹാജരാകണമെന്ന് കോർപറേഷൻ നിർദേശിച്ചു. കഴിഞ്ഞ കുറച്ച് നാളുകളായി കാന്റീനിലെ ഭക്ഷണത്തെക്കുറിച്ച് പരാതികൾ ഉയർന്നിരുന്നെങ്കിലും പോലീസുകാരുടെ ഏക ആശ്രയമായതിനാൽ പലരും പരാതിയുമായി മുന്നോട്ട് പോയിരുന്നില്ലെന്നും വിവരമുണ്ട്.
ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത പശ്ചാത്തലത്തിലാണ് കാന്റീൻ അടച്ചതെന്ന് അധികൃതർ അറിയിച്ചു. കൂടുതൽ പരിശോധനകൾക്ക് ശേഷം മാത്രമേ പുനരാരംഭിക്കുകയുള്ളൂ.


