കോട്ടയം: മണിമലയിൽ നിയന്ത്രണം വിട്ട ആംബുലൻസ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചു കയറി. ഇന്ന് ബുധനാഴ്ച ഉച്ചയോടെയായിരുന്നു അപകടം. അപകടത്തിൽ 2 പേർക്ക് പരിക്കേറ്റു.
എരുമേലിയിൽ നിന്നും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് രോഗിയുമായി പോകുകയായിരുന്ന ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. മണിമല മാർക്കറ്റ് ജംക്ഷനിലെ പള്ളിപ്പടിയിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്കാണ് ആംബുലൻസ് നിയന്ത്രണം വിട്ട് ഇടിച്ചു കയറിയത്.
അപകടത്തിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു സമീപം നിന്ന ഒരാൾക്കും ആംബുലൻസ് ഡ്രൈവർക്കുമാണ് പരിക്കേറ്റത്. മണിമല പോലീസ് ഉടൻ സ്ഥലത്തെത്തി. രോഗിയെയും ബന്ധുക്കളെയും നാട്ടുകാരും പോലീസും ചേർന്ന് ഉടനെ മറ്റൊരു ആംബുലൻസിൽ മെഡിക്കൽ കോളേജിലേക്ക് മാറ്റി. രണ്ട് കുട്ടികൾ ഉൾപ്പെടെയുള്ള ഒരു കുടുംബത്തിലെ അംഗങ്ങളാണ് ആംബുലൻസിൽ ഉണ്ടായിരുന്നത്.
അപകട കാരണം സംബന്ധിച്ച് പോലീസ് അന്വേഷണം തുടങ്ങി.


