വാഴൂർ: നാട്ടുകാർ ഒത്തുചേർന്നപ്പോൾ ഗതാഗതയോഗ്യമായി വഴി. വാഴൂർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ നെടുമാവിൽ നിന്ന് മുക്കാലിക്ക് പോകുന്ന വഴിയിൽ റിവർ വാലി റസിഡൻസ് അസോസിയേഷന്റെ ഭാഗമായുള്ള നെടുമാവ് - വെങ്ങാലൂർ റോഡ് നാളുകളായി ഗതാഗതയോഗ്യമല്ലാതെ കിടക്കുകയായിരുന്നു.
റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ സമീപവാസികൾ ഒന്നിച്ച് ആലോചന നടത്തുകയും സ്വന്തം നിലയിൽ പണം സമാഹരിച്ച് ടാറിംഗ് ഉൾപ്പെടെ പൂർത്തീകരിച്ച് റോഡ് ഗതാഗതയോഗ്യമാക്കുകയുമായിരുന്നു.
നവീകരിച്ച റോഡിന്റെ ഉദ്ഘാടനം വാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. എസ്. പുഷ്കലാദേവി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് ചാക്കോ, ഷിജു കാഞ്ഞിരത്തറ ഉൾപ്പെടെ നാട്ടുകാരും റസിഡൻസ് അസോസിയേഷൻ ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു.





