ആലപ്പുഴ: കേരളത്തിൽ വെള്ളപ്പൊക്കം ഒഴിവാക്കാൻ നദികളുടെ ആഴം കൂട്ടണമെന്ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ. 'നമ്മൾ പരിസ്ഥിതി ഭ്രാന്തന്മാർ ആകാൻ പാടില്ല, പരിസ്ഥിതി സംരക്ഷണത്തിനൊപ്പം വികസനവും ഉറപ്പുവരുത്തണം' എന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ നഗരങ്ങളിൽ വെള്ളപ്പൊക്കം പതിവാകുകയാണ്. നദികളിലെ ജലസംഭരണ ശേഷി കുറയുന്നതാണ് ഇതിന് പ്രധാന കാരണം. കൃത്യമായ ഇടവേളകളിൽ കേരളത്തിലെ നദികളിൽ നിന്ന് മണൽ നീക്കം ചെയ്യുന്നില്ല. നമ്മുടെ കണക്കുകൂട്ടലുകൾക്ക് അപ്പുറത്തുള്ള മഴയാണ് ഇപ്പോൾ പെയ്യുന്നത്. നദികളുടെ ആഴം കൂട്ടിയില്ലെങ്കിൽ വെള്ളം എങ്ങോട്ട് ഒഴുകിപ്പോകും? നദികളുടെ ആഴം കൂട്ടേണ്ട എന്ന് വാദിക്കുന്നവരോട് വെള്ളം എങ്ങോട്ട് പോകുമെന്ന് ചോദിക്കണമെന്നും ഉപരാഷ്ട്രപതി ചോദിച്ചു. ഇതിന് കോടതികളാണ് തടസ്സമെങ്കിൽ കോടതികളെ കാര്യം ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആദിശങ്കരനും ശ്രീനാരായണഗുരുവും മന്നത്ത് പത്മനാഭനുമാണ് കേരളത്തിന്റെ ഏറ്റവും വലിയ സംഭാവനകൾ എന്നും ഉപരാഷ്ട്രപതി പറഞ്ഞു. ആദിശങ്കരൻ ഇല്ലായിരുന്നെങ്കിൽ ഇന്നത്തെ ഐക്യ ഇന്ത്യ ഉണ്ടാകുമായിരുന്നില്ല. ശ്രീനാരായണഗുരു ഇല്ലായിരുന്നെങ്കിൽ നമുക്കിടയിൽ സമത്വം ഉണ്ടാകുമായിരുന്നില്ല. എല്ലാവർക്കും വിദ്യാഭ്യാസം ലഭിക്കണം എന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ച വ്യക്തിയാണ് മന്നത്ത് പത്മനാഭൻ എന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു.


