സംസ്ഥാനത്തെ സർക്കാർ കോളേജ് ഹോസ്റ്റലുകളുടെ പ്രവർത്തനത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഉന്നത വിദ്യാഭ്യാസ വകുപ്പ്. ഹോസ്റ്റലുകളിൽ ഒരു കാരണവശാലും അനധികൃത താമസം അനുവദിക്കില്ലെന്ന് കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റ് പുറത്തിറക്കിയ പുതിയ സർക്കുലറിൽ വ്യക്തമാക്കി. സർവകലാശാലകളും കോളേജുകളും അവധിയിൽ പ്രവേശിക്കുമ്പോൾ ഹോസ്റ്റലുകളുടെ പ്രവർത്തനവും നിർത്തിവെക്കണമെന്നും ഉത്തരവിൽ പറയുന്നു.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിൽ അടുത്തിടെ ഉണ്ടായ അതിക്രമങ്ങളും അതുമായി ബന്ധപ്പെട്ട പരാതികളും പശ്ചാത്തലത്തിലാണ് സർക്കാരിന്റെ അടിയന്തര ഇടപെടൽ. ഇതിന്റെ ഭാഗമായി ഹോസ്റ്റൽ വാർഡൻ നിയമനം, ട്യൂട്ടർമാരുടെ ചുമതല, മധ്യവേനൽ അവധിക്കാലത്തെ ഹോസ്റ്റൽ പ്രവർത്തനം, അനധികൃത താമസം ഒഴിവാക്കൽ എന്നിവ സംബന്ധിച്ച് വിശദമായ മാർഗനിർദേശങ്ങളാണ് ഡയറക്ടറേറ്റ് നൽകിയിരിക്കുന്നത്.
പുതിയ നിർദ്ദേശപ്രകാരം ഡ്രോയിംഗ് ആൻഡ് ഡിസ്ബേഴ്സിംഗ് അധികാരമുള്ള അധ്യാപകരെ മാത്രമേ കോളേജ് പ്രിൻസിപ്പൽമാർ ഹോസ്റ്റൽ വാർഡന്മാരായി നിയമിക്കാവൂ. അതത് കോളേജുകളിൽ നിലവിൽ പഠിക്കുന്ന വിദ്യാർത്ഥികൾ മാത്രമാണ് ഹോസ്റ്റലിൽ താമസിക്കുന്നതെന്ന് വാർഡൻമാർ ഉറപ്പാക്കണം. പഠനം കഴിഞ്ഞവരോ പുറത്തുനിന്നുള്ളവരോ ഹോസ്റ്റലിൽ താമസിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ പ്രിൻസിപ്പലിനെ രേഖാമൂലം അറിയിക്കുകയും അവരെ ഒഴിപ്പിക്കാൻ നേരിട്ട് നടപടി എടുക്കുകയും വേണം. വാർഡന്റെ ഇടപെടൽ ഫലപ്രദമായില്ലെങ്കിൽ പോലീസിനെ വിവരം അറിയിച്ച് നിയമപരമായ നടപടികൾ സ്വീകരിക്കണമെന്നും സർക്കുലറിൽ നിർദ്ദേശിക്കുന്നു.
സർവകലാശാലകൾ മധ്യവേനൽ അവധി പ്രഖ്യാപിക്കുന്നതോടെ കോളേജുകൾക്കൊപ്പം ഹോസ്റ്റലുകളും അടച്ചിടണം. അക്കാദമിക് ആവശ്യങ്ങൾക്കായി പ്രിൻസിപ്പലിന്റെ പ്രത്യേക അനുമതി ലഭിച്ചവർക്ക് മാത്രമേ അവധിക്കാലത്ത് ഹോസ്റ്റലിൽ തുടരാൻ കഴിയൂ. മാർച്ച് 31 ന് ശേഷവും പരീക്ഷയുടെയോ സെമസ്റ്റർ ക്ലാസുകളുടെയോ മറ്റ് അടിയന്തര അക്കാദമിക് ആവശ്യങ്ങളുടെയോ പേരിൽ ഹോസ്റ്റൽ പ്രവർത്തിക്കണമെങ്കിൽ ടൈംടേബിളും ക്ലാസ് ഷെഡ്യൂളും സഹിതം ഡയറക്ടറുടെ മുൻകൂർ അനുമതി വാങ്ങേണ്ടത് നിർബന്ധമാണ്.
Tags: Govt College Hostel, Higher Education Department, College Education Directorate, University College Hostel Issue, Hostel Rules Kerala

