പ്രൊഫ. എം കെ രാധാകൃഷ്ണൻ സ്മൃതി 2026; അനുസ്മരണ പരിപാടികൾ ഒക്ടോബർ 7 മുതൽ
എലിക്കുളം: പ്രൊഫ. എം കെ രാധാകൃഷ്ണന്റെ സ്മരണ നിലനിർത്തുന്നതിനായി വിപുലമായ അനുസ്മരണ പരിപാടികളുമായി പ്രൊഫ. എം കെ രാധാകൃഷ്ണൻ സ്മൃതി 2026 സംഘടിപ്പിക്കുന്നു. ഒക്ടോബർ 7ന് അനുസ്മരണ ദിനത്തോടെ ആരംഭിക്കുന്ന പരിപാടികൾ 2027 ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനത്തിൽ സമാപിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
അനുസ്മരണ പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം രാജ്യസഭാ എംപി ശ്രീ ജോസ് കെ മാണി നിർവഹിക്കും. പ്രഥമ എം കെ ആർ അനുസ്മരണ പ്രഭാഷണം കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ ജനറൽ സെക്രട്ടറിയും ഇന്ത്യയിലെ മുൻനിര ജനകീയ ശാസ്ത്ര എഴുത്തുകാരിൽ പ്രമുഖനുമായ ഡോ. കാവുമ്പായി ബാലകൃഷ്ണൻ നടത്തും. പ്രൊഫ. രാധാകൃഷ്ണനെ കുറിച്ചുള്ള പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ ഈ കാലയളവിൽ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കും.
പ്രാദേശിക വികസനം, ചരിത്രം, കല, സംസ്കാരം, വയോജനക്ഷേമം എന്നിങ്ങനെ വിവിധ മേഖലകളിലായി എലിക്കുളം പഞ്ചായത്തിലെ ഗ്രന്ഥശാലകൾ, സ്കൂളുകൾ, സഹകരണ സ്ഥാപനങ്ങൾ, മറ്റു കൂട്ടായ്മകൾ എന്നിവയുമായി സഹകരിച്ച് വിപുലമായ പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കും. പ്രൊഫ. എം കെ രാധാകൃഷ്ണൻ സ്മാരക പഠന ഗവേഷണ കേന്ദ്രവും സയൻസ് സെന്ററും എലിക്കുളം കേന്ദ്രമാക്കി ആരംഭിക്കുന്നതും അനുസ്മരണത്തിന്റെ ഭാഗമാണ്.
വയോജന ക്ഷേമവുമായി ബന്ധപ്പെടുത്തി ദേശീയ സംസ്ഥാനതലത്തിലെ വിദഗ്ധരെ ഉൾപ്പെടുത്തി ഒരു വയോജന കോൺക്ലേവ് എലിക്കുളത്ത് വെച്ച് സംഘടിപ്പിക്കും. കൂടാതെ ദേശീയ തൊഴിലുറപ്പ് നിയമം നയമാറ്റവുമായി ബന്ധപ്പെട്ട് ഒരു സെമിനാറും വയോജനങ്ങളുടെ ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട ബോധവൽക്കരണ ശില്പശാലയും മെഡിക്കൽ ക്യാമ്പും സംഘടിപ്പിക്കും. കലാ സാംസ്കാരിക, ചരിത്ര വിഷയങ്ങളുമായി ബന്ധപ്പെട്ട് ഗ്രന്ഥശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ചേർന്ന് പ്രഭാഷണങ്ങൾ, ചർച്ചകൾ, വിദ്യാർത്ഥികൾക്കായുള്ള മത്സരങ്ങൾ എന്നിവയും നവ സാങ്കേതികവിദ്യയെ വയോജന ക്ഷേമവുമായി ബന്ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള പരിശീലന പരിപാടികളും ഈ കാലയളവിൽ നടത്തും.
പ്രൊഫ. എം കെ രാധാകൃഷ്ണൻ തന്റെ ജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന സമസ്ത മേഖലകളിലും ഇടപെടലുകൾക്ക് തുടക്കമിട്ടുകൊണ്ടുള്ള ഈ അനുസ്മരണ പരിപാടി അദ്ദേഹത്തിന് നൽകാൻ കഴിയുന്ന ഏറ്റവും വലിയ ആദരവാണെന്നും അദ്ദേഹത്തിന്റെ സുഹൃത്തുക്കൾക്കും ശിഷ്യർക്കും ഭാവിയിലും ഈ മേഖലകളിൽ ഇടപെടാൻ പ്രേരണ നൽകുന്ന അനുഭവമാകും ഇതെന്നും സംഘാടകർ അറിയിച്ചു. പ്രസ്മീറ്റിൽ എസ് ഷാജി, ശ്രീകുമാർ, കെ.ആർ മന്മഥൻ എന്നിവർ പങ്കെടുത്തു.
#MKRadhakrishnan#Elikulam#JoseKMani#Remembrance2026#ScienceCenter


