ചിറക്കടവ് ഏഴാം വാർഡിലെ 'ശ്രദ്ധ' പദ്ധതി; ആരോഗ്യത്തിന്റെ മറവിൽ വൻ ഡാറ്റാ കച്ചവടമെന്ന് ബി.ജെ.പി
ചിറക്കടവ്: ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ വാർഡ് മെമ്പർ ആന്റണി മാർട്ടിൻ ജോസഫിന്റെ നേതൃത്വത്തിൽ 'ശ്രദ്ധ' എന്ന പേരിൽ നടപ്പാക്കുന്ന സമഗ്ര ആരോഗ്യ പരിപാലന പരിപാടി, ജനങ്ങളുടെ സെൻസിറ്റീവ് മെഡിക്കൽ ഡാറ്റ ശേഖരിച്ച് കോർപ്പറേറ്റ് കമ്പനികൾക്ക് വിൽക്കാനുള്ള ഗൂഢാലോചനയാണെന്ന ഗുരുതര ആരോപണവുമായി ബി.ജെ.പി ചിറക്കടവ് പഞ്ചായത്ത് കമ്മിറ്റി. പാവപ്പെട്ടവരുടെ ആരോഗ്യ സംരക്ഷണം എന്ന വ്യാജേന നടക്കുന്ന ഈ പദ്ധതിക്ക് പിന്നിൽ വൻ അഴിമതിയും നിയമലംഘനങ്ങളുമുണ്ടെന്നും ഇതിനെതിരെ ശക്തമായ പ്രക്ഷോഭത്തിലേക്ക് കടക്കുമെന്നും ബി.ജെ.പി വാർത്താക്കുറിപ്പിൽ അറിയിച്ചു.
വാർഡിലെ 18 വയസ്സ് പൂർത്തിയായ മുഴുവൻ പേരുടെയും രക്തപരിശോധന നടത്തി വിവരങ്ങൾ ശേഖരിക്കുന്നത് കേന്ദ്ര ഡാറ്റാ സംരക്ഷണ നിയമമായ DPDP Act-ന്റെ നഗ്നമായ ലംഘനമാണെന്ന് ബി.ജെ.പി ചൂണ്ടിക്കാട്ടുന്നു. ജനങ്ങളുടെ സെൻസിറ്റീവ് മെഡിക്കൽ ഡാറ്റ ഇത്തരത്തിൽ ശേഖരിക്കാൻ ഈ സ്വകാര്യ ഏജൻസികൾക്ക് നിയമപരമായ അനുമതിയുണ്ടോ, ശേഖരിക്കുന്ന ഡാറ്റ സുരക്ഷിതമായി സൂക്ഷിക്കാനുള്ള സാങ്കേതിക സംവിധാനങ്ങളോ സെർവറുകളോ ഇവർക്കുണ്ടോ, എന്ത് ആവശ്യത്തിനാണോ ഡാറ്റ ശേഖരിക്കുന്നത് അതിന് മാത്രമേ ഉപയോഗിക്കാവൂ എന്ന ചട്ടം പാലിക്കുന്നുണ്ടോ, ജനങ്ങളുടെ സ്വതന്ത്രമായ സമ്മതം രേഖപ്പെടുത്തിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ യാതൊരു വ്യക്തതയുമില്ലെന്നും വിദ്യാർത്ഥികളെ ഉൾപ്പെടെ ഉപയോഗിച്ച് ഡാറ്റാ കൊള്ളയാണ് നടക്കുന്നതെന്നും ആരോപണമുണ്ട്.
പഞ്ചായത്തിന്റെ പേരും ലോഗോയും അനധികൃതമായി ഉപയോഗിച്ച് നടത്തുന്ന പരിപാടിയുടെ പ്രോജക്ട് ഇൻ ചാർജായി നോട്ടീസിൽ കാണിച്ചിരിക്കുന്നത് 'കിംഗ്ഡം ഓഫ് ഗോഡ്' എന്ന സംഘടനയുടെ പ്രതിനിധിയായ മെഹർ ഫിറോസിനെയാണ്. ഒപ്പം സ്വരുമ ചാരിറ്റബിൾ സൊസൈറ്റിയുടെ സാന്നിധ്യവുമുണ്ട്. ഈ ഏജൻസികൾക്ക് പിന്നിൽ ആരാണുള്ളത്, ഇവർക്ക് ഫണ്ട് ചെയ്യുന്നത് ആരാണ്, വിദേശ ഫണ്ടിംഗ് ലഭിക്കുന്നുണ്ടോ, ഇതേ ഏജൻസികൾ മറ്റിടങ്ങളിൽ ഇത്തരം ഡാറ്റാ കളക്ഷൻ നടത്തിയിട്ടുണ്ടോ എന്നീ കാര്യങ്ങൾ സമഗ്രമായി അന്വേഷിക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.
രക്തപരിശോധനയിലൂടെ ലഭിക്കുന്ന ജനങ്ങളുടെ ജനിതക വിവരങ്ങൾ ഉൾപ്പെടെയുള്ള മെഡിക്കൽ ഡാറ്റ വിദേശ ഏജൻസികളുടെയോ ക്രിമിനൽ കോർപ്പറേറ്റുകളുടെയോ കൈകളിൽ എത്തിയാൽ അത് രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണിയാകുന്ന ബയോ വെപ്പൺ നിർമ്മാണത്തിന് വരെ ദുരുപയോഗം ചെയ്യപ്പെടാമെന്ന ഗുരുതരമായ ഭീതി നിലനിൽക്കുന്നുണ്ടെന്നും ബി.ജെ.പി പ്രസ്താവനയിൽ പറയുന്നു.
ശേഖരിക്കുന്ന ആരോഗ്യ ഡാറ്റ ഇൻഷുറൻസ് കമ്പനികൾക്കും വൻകിട മരുന്ന് കമ്പനികൾക്കും കോടിക്കണക്കിന് രൂപയ്ക്ക് വിൽക്കപ്പെടാൻ സാധ്യതയുണ്ടെന്നും, ഇൻഷുറൻസ് നിഷേധിക്കാനും പ്രീമിയം വർദ്ധിപ്പിക്കാനും മരുന്ന് കമ്പനികൾക്ക് വിപണി കണ്ടെത്താനും ഇത് ഉപയോഗിക്കപ്പെടാമെന്നും ആരോപണമുണ്ട്.
സ്വരുമ എന്ന സ്വകാര്യ ഏജൻസിക്ക് പഞ്ചായത്തിന്റെ പകൽ വീട്ടിൽ ഫിസിയോ തെറാപ്പി സെന്റർ നടത്താൻ വാർഡ് മെമ്പർ മുൻകൈയെടുത്ത് അനുമതി വാങ്ങി കൊടുത്തതുൾപ്പെടെ സ്വകാര്യ ഏജൻസികൾക്ക് വേണ്ടി നിരന്തരം വഴിവിട്ട സഹായങ്ങൾ ചെയ്യുന്നത് ജനപ്രതിനിധിയുടെ സത്യപ്രതിജ്ഞാ ലംഘനമാണെന്നും വാർഡ് മെമ്പറും ഏജൻസികളും തമ്മിലുള്ള ബന്ധവും സാമ്പത്തിക ഇടപാടുകളും അന്വേഷിക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു. തുച്ഛമായ സൗജന്യങ്ങൾക്ക് വേണ്ടി സ്വന്തം ആരോഗ്യ ഡാറ്റ സ്വകാര്യ ഏജൻസികൾക്ക് കൈമാറരുതെന്നും പിന്നിൽ പതിയിരിക്കുന്ന അപകടങ്ങൾ മനസ്സിലാക്കണമെന്നും ബി.ജെ.പി ജനങ്ങളോട് അഭ്യർത്ഥിച്ചു. വിഷയത്തിൽ ജില്ലാ കളക്ടർക്ക് പരാതി നൽകിയതായും ഡാറ്റാ പ്രൊട്ടക്ഷൻ ബോർഡ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികൾക്ക് പരാതി നൽകാനുള്ള നടപടികൾ പുരോഗമിക്കുന്നതായും ഭാരവാഹികൾ അറിയിച്ചു. അനധികൃത ഡാറ്റാ ശേഖരണം അടിയന്തരമായി നിർത്തിവെക്കണമെന്നും ഉന്നതതല അന്വേഷണം നടത്തണമെന്നും അല്ലാത്തപക്ഷം ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും ബി.ജെ.പി മുന്നറിയിപ്പ് നൽകി.
പ്രസ്മീറ്റിൽ പങ്കെടുത്തവർ: ജിതിൻ ജയകുമാർ (പ്രസിഡന്റ്, ബിജെപി ചിറക്കടവ് ഏരിയ), ജിൻസ് നല്ലേപ്പറമ്പിൽ (പ്രസിഡന്റ്, ബിജെപി ചെറുവള്ളി ഏരിയ), ഗോപി പാറാംതോട് (പാർലമെന്ററി പാർട്ടി ലീഡർ & പ്രതിപക്ഷ നേതാവ് ചിറക്കടവ് പഞ്ചായത്ത്), അനൂപ് ചന്ദ്രൻ (സെക്രട്ടറി, ബിജെപി ചിറക്കടവ് ഏരിയ)
#Chirakkadavu#BJP#DataTheft#ShraddhaProject#DPDPAct


