കോട്ടയം : ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ വെള്ളിയാഴ്ച കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുതിനെയാണ് അതിശക്തമായ മഴയായി കണക്കാക്കുന്നത്. ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ 30, 31 തീയതികളിൽ ജില്ലയിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ , നദീതീരങ്ങൾ, ഉരുൾപൊട്ടൽ -മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോരപ്രദേശങ്ങൾ എന്നിവിടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ ഡോ. പി.കെ.ജയശ്രീ അറിയിച്ചു. 2018, 2019, 2020 വർഷങ്ങളിൽ ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളിൽ ഉള്ളവർ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതിയും അപകടസാധ്യത മേഖലകളായും വാസയോഗ്യമല്ലാത്ത പ്രദേശങ്ങളായും കണ്ടെത്തിയ സ്ഥലങ്ങളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണം.

