കോട്ടയം: കോവിഡിനെതിരെയുള്ള പോരാട്ടത്തിലെ നിർണായക ചുവടുവയ്പായ വാക്‌സിനേഷൻ, ആരോഗ്യപ്രവർത്തകരും ആശാപ്രവർത്തകരും വിവിധ വകുപ്പുകളും മഹാദൗത്യമായി ഏറ്റെടുക്കുകയായിരുന്നെന്ന് സഹകരണ - രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി. എൻ. വാസവൻ പറഞ്ഞു. കോട്ടയം ജില്ലയിൽ കോവിഡ് വാക്‌സിനേഷൻ്റെ ഒന്നാമത്തെ ഡോസ് വിതരണം പൂർത്തിയായതിന്റെയും രാജ്യത്തു വാക്‌സിനേഷൻ 100 കോടി പിന്നിട്ടതിന്റെയും ഭാഗമായി ആരോഗ്യവകുപ്പ് സംഘടിപ്പിച്ച ആഘോഷപരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഠിനപ്രയത്നത്തിലൂടെ അവർ കൈവരിച്ച നേട്ടങ്ങൾ എക്കാലവും സ്മരിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യപ്രവർത്തകരുടെ ഈ രംഗത്തെ സംഭാവന വിലമതിക്കാനാവാത്തതാണെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച
തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം. എൽ. എ.യും അഭിപ്രായപ്പെട്ടു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി സന്ദേശം നൽകി.
ഏറ്റവുമധികം വാക്‌സിനേഷൻ നടത്തിയ കോട്ടയം ജനറൽ ആശുപത്രി, അതിരമ്പുഴ പ്രാഥമികാരോഗ്യകേന്ദ്രം, ചങ്ങനാശ്ശേരി ജനറൽ ആശുപത്രി, ഏറ്റുമാനൂർ ആരോഗ്യകേന്ദ്രം എന്നിവയ്ക്കും ഏറ്റവും മികച്ച വാക്‌സിനേഷൻ കേന്ദ്രമായ ബേക്കർ മെമ്മോറിയൽ സ്കൂളിനും ചടങ്ങിൽ പുരസ്കാരം സമ്മാനിച്ചു.
വാക്‌സിനേഷൻ ഒന്നാമത്തെ ഡോസ് വിതരണം 100 ശതമാനം പൂർത്തിയായതിൻ്റെ ആഹ്ളാദം പ്രകടിപ്പിച്ചു കൊണ്ട് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേർന്ന് 100 ത്രിവർണ ഹൈഡ്രജൻ ബലൂണുകൾ ആകാശത്തേക്ക് പറത്തിവിട്ടു.
ജില്ലാ കളക്ടർ ഡോ. പി. കെ. ജയശ്രീ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ്, നഗരസഭാംഗം ബി. ഗോപകുമാർ, ജില്ലാ ആർ. സി. എച്ച്. ഓഫീസർ ഡോ. സി. ജെ. സിതാര, ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ ഡോമി ജോൺ, സ്കൂൾ മാനേജർ ഫാദർ രാജു ജേക്കബ്, ഹെഡ്മിസ്ട്രസ് മറിയാമ്മ ഉമ്മൻ എന്നിവർ സംസാരിച്ചു.
#vnvasavan #kottayam

