കോട്ടയ: സുകുമാരക്കുറുപ്പ് കോട്ടയത്തുണ്ടെന്ന് സാമൂഹിക മാധ്യമങ്ങളിലടക്കം പ്രചരണം ഉണ്ടായതിനെതുടര്‍ന്ന് ക്രൈംബ്രാഞ്ച് സ്ഥലത്തെത്തി. കോട്ടയം ആര്‍പ്പുക്കര നവജീവന്‍ സ്ഥാപനത്തില്‍ സുകുമാരക്കുറുപ്പ് ചികിത്സയിലുണ്ടെന്നാണ് പ്രചരണം വന്നത്. ഇതേത്തുടര്‍ന്ന് സംശയനിഴലിലായ അന്തേവാസിയെ ക്രൈംബ്രാഞ്ച് പരിശോധിച്ചു. കൂടാതെ ഇയാള്‍ കുറുപ്പല്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
കഴിഞ്ഞദിവസമാണു കോട്ടയം ആർപ്പൂക്കരയിലുള്ള നവജീവൻ ആസ്ഥാനത്ത് ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തിലുള്ള ഒരുസംഘം അന്വേഷണത്തിനെത്തിയത്. നവജീവനിൽ കഴിയുന്ന ജോബ് എന്ന വ്യക്തിയെയാണ് സുകുമാരക്കുറുപ്പായി ചിത്രീകരിച്ച് ഓണ്‍ലൈൻ വാർത്ത പ്രചരിച്ചത്.
നാലുവർഷം മുന്‍പ് ഉത്തർപ്രദേശിലെ ലക്നൗ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റി ആശുപത്രിയിൽ അപകടത്തിൽ പരിക്കേറ്റ നിലയിലാണു മലയാളിയായ ജോബ് എത്തുന്നത്. പേരും വിവരങ്ങളും, പത്തനംതിട്ട ജില്ലയിൽ അടൂർ പന്നിവിഴയാണ് സ്വദേശമെന്നും ആശുപത്രി അധികൃതരോട് പറഞ്ഞു. ആശുപത്രിയിലെ മലയാളി മെയിൽ നഴ്സായ കോട്ടയം പുതുപ്പള്ളി സ്വദേശി അജേഷ് കെ. മാണിയാണ് ഇയാളെ ശുശ്രൂഷിച്ചത്. ഇരുവരും നല്ല സുഹൃത്തുക്കളായതോടെയാണ് നാട്ടിലെത്താൻ മാർഗമില്ലാത്ത ജോബിനെ സഹായിക്കാൻ അജേഷ് തീരുമാനിച്ചത്.
ഇലവുംതിട്ട സ്വദേശിയും പ്രവാസിയുമായ ജിബു വിജയനുമായി ചേർന്ന് ജോബിന്റെ കഥ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചെങ്കിലും ആരും തേടിയെത്തിയില്ല. പിന്നീടാണ് അജേഷ് കോട്ടയം നവജീവൻ ട്രസ്റ്റുമായി ബന്ധപ്പെട്ടത്. സംരക്ഷണം ഏറ്റെടുക്കാമെന്ന് അറിയിച്ചതോടെ രോഗവിമുക്തനായശേഷം 2017 ഒക്ടോബർ 19ന് ലക്നൗവിൽനിന്ന് സ്വന്തം ചെലവിൽ അജേഷ് ജോബിനെ കോട്ടയം നവജീവനിലെത്തിക്കുകയായിരുന്നു.

