കോട്ടയം: സ്ത്രീ സമത്വ ആശയപ്രചാരണത്തിനായി സാംസ്‌കാരിക വകുപ്പ് സംഘടിപ്പിക്കുന്ന സമം പരിപാടിയുടെ ഭാഗമായി കേരള ഫോക് ലോർ അക്കാദമി മണിമലയിൽ ഒരുക്കിയ സാംസ്‌കാരിക കൂട്ടായ്മ 'ഗ്രാമസന്ധ്യ' സർക്കാർ ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു.
മണിമല ബസ് സ്റ്റാൻഡ് മൈതാനത്ത് നടന്ന ചടങ്ങിൽ വെള്ളാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. കേരള ഫോക് ലോർ അക്കാദമി ചെയർമാൻ സി.ജെ. കുട്ടപ്പൻ ആമുഖ പ്രഭാഷണം നടത്തി. സെക്രട്ടറി കീച്ചേരി രാഘവൻ മുഖ്യപ്രഭാഷണം നടത്തി.
എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഡോ.ആർ. ഗീതാദേവി, ഡോ.പദ്മനാഭൻ കാവുമ്പായി, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ ജെസി ഷാജൻ, ജില്ലാ പഞ്ചായത്തംഗം ഹേമലത പ്രേം സാഗർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ 10 കലാകാരൻമാരെ ആദരിച്ചു. പരിപാടിയോടനുബന്ധിച്ച് വൈകിട്ട് അഞ്ചു മുതൽ വിവിധ കലാപരിപാടികൾ, നാടൻ പാട്ട് എന്നിവ അരങ്ങേറി.

