കോട്ടയം: തേനിൽ നിന്ന് മൂല്യവർധിത ഉത്പന്നങ്ങൾ ഉൽപാദിപ്പിക്കുന്നതിനുള്ള 'തേൻ മാധുരി' പദ്ധതിക്ക് വാഴൂർ ബ്ലോക്കിൽ തുടക്കം. സംസ്ഥാനത്ത് ആദ്യമായാണ് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഇത്തരത്തിലുള്ള പദ്ധതി നടപ്പാക്കുന്നതെന്ന് ഉദ്ഘാടനം നിർവഹിച്ച ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി പറഞ്ഞു. തേനീച്ച പെട്ടികൾ വിതരണം ചെയ്താണ് ഉദ്ഘാടനം നിർവഹിച്ചത്.
അഞ്ച് ലക്ഷം രൂപയാണ് പദ്ധതി വിഹിതം. വീട്ടമ്മമാർക്ക് സ്ഥിരവരുമാനം കണ്ടെത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഗ്രാമസഭയിലൂടെ തിരഞ്ഞെടുത്ത 30 വനിതകളാണ് ഗുണഭോക്താക്കൾ. വീട്ടുവളപ്പിൽ തേൻ ഉത്പാദിപ്പിച്ച് ബ്ലോക്ക് ഓഫീസിലുള്ള സംസ്‌കരണ യൂണിറ്റിലെത്തിച്ച് മൂല്യവർധിത ഉത്പന്നങ്ങളാക്കി മാറ്റി വിപണനം നടത്തും. പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ തേനീച്ചവളർത്തൽ പരിശീലനം നൽകിയിരുന്നു.
ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷരായ ഷാജി പാമ്പൂരി, പി.എം. ജോൺ, അംഗങ്ങളായ ശ്രീജിത്ത് വെള്ളാവൂർ, ഗീത എസ്. പിള്ള, മിനി സേതുനാഥ്, രവീന്ദ്രൻ നായർ, വർഗീസ് ജോസഫ്, ഒ.ടി. സൗമ്യ മോൾ, സെക്രട്ടറി പി.എൻ. സുജിത്ത്, വ്യവസായ ഓഫീസർ കെ.കെ. ഫൈസൽ എന്നിവർ പങ്കെടുത്തു.

