വാഴൂർ: കോട്ടയം ജില്ലയിൽ വളരെ വേഗം വളർന്നു കൊണ്ടിരിക്കുന്ന ഗ്രാമപഞ്ചായത്താണ് വാഴൂർ ഗ്രാമപഞ്ചായത്ത്. കൊടുങ്ങൂർ, പുളിക്കൽ കവല, ചാമംപതാൽ എന്നിവ വളരെ തിരക്കേറിയ കവലകളാണ് . പഞ്ചായത്തിലെ ഒട്ടുമിക്ക ആളുകളും ഈ കവലകളിലൂടെ യാത്ര ചെയ്യാത്ത ദിവസങ്ങളില്ല .
കോവിഡ് കാലത്തോടു കൂടി യാത്രാ സൗകര്യമെന്ന നിലയിൽ എല്ല വീടുകളിലും വാഹനങ്ങളും എത്തി.എന്നാൽ കവലകളിൽ വാഹനം പാർക്കു ചെയ്യുന്നതിനുള്ള യാതൊരു മാർഗ്ഗ വുമില്ലാത്തതിനാൽ, വഴിയോരങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുവാൻ തുടങ്ങിയതോടു കൂടി ഗതാഗതക്കുരുക്കിലേക്ക് എത്തി.
ഏറ്റവും അധികം ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന സ്ഥലമായി കൊടുങ്ങൂർ കവല. കൊടുങ്ങൂർ -ചാമംപതാൽ വഴിയോരത്ത് നോ പാർക്കിങ്ങ് എഴുതിവച്ചിട്ടുണ്ടെങ്കിലും പാർക്ക് ചെയ്യാൻ സ്ഥലമില്ലാത്തതിനാൽ വാഹനങ്ങളുടെ നിര തന്നെയാണ്. വർഷങ്ങളായി പാർക്കിങ്ങിനായി പഞ്ചായത്തധികാരികളോട് ആവശ്യപ്പെടുന്നുണ്ടെങ്കിലും സ്ഥല ലഭ്യതയില്ലാത്തതിനാൽ ഫലം കാണാറില്ല. വരും ദിവസങ്ങളിൽ വാഹനങ്ങൾ നിരത്തുകളിൽ കൂടാനും ഗതാഗതടസ്സം രൂക്ഷമാകാനും സാധ്യമായതിനാൽ പാർക്കിങ്ങിനായി സൗകര്യം ഒരുക്കണമെന്ന് വ്യാപാരികൾ ആവശ്യമുന്നയിച്ചു.

