വാഴൂർ : ദേശീയപാത കടന്നു പോകുന്ന പ്രധാന കവലകളാണ് വാഴൂർ പഞ്ചായത്തിലെ പുളിക്കൽകവലയും ,കൊടുങ്ങൂരും , പതിനേഴാമൈലും ,ചെങ്കൽപള്ളി ജംഗ്ഷനും. മഴ തുടങ്ങിയാൽ കെ കെ റോഡിലേക്ക് വെള്ളത്തിൻ്റെ കുത്തൊഴുക്കാണ്. പലപ്പോഴും വെള്ളക്കെട്ടുകൾ രൂക്ഷമായി ഗതാഗത തടസ്സവും അപകടങ്ങളും തുടർക്കഥയാകാറുണ്ട് .
കഴിഞ്ഞദിവസം പത്തൊമ്പതാം മൈലിൽ ശക്തമായ മഴയത്ത് നിയന്ത്രണം നഷ്ടപ്പെട്ട് പോലീസ് വാഹനം മറിയുകയുണ്ടായി. ചെങ്കൽ ജംഗ്ഷന് സമീപം വാഹനങ്ങൾ കൂട്ടിയിടിക്കുന്നത് പതിവായി .വെള്ളം കെട്ടിക്കിടന്ന് റോഡ് നശിക്കുന്നതിനാൽ അപകട സാധ്യതയും വർദ്ധിക്കുകയാണ്.
അശാസ്ത്രീയമായ പാതയോരങ്ങൾ നിർമ്മിക്കുന്നതിലൂടെ മഴ പെയ്യുമ്പോൾ വെള്ളം ഒഴുകിപ്പോകാൻ വയ്യാതെ വഴിയിലൂടെ ഒഴുകി വെള്ളക്കെട്ട് രൂക്ഷമാകുന്നു.
പതിനഞ്ചാംമൈൽ വേബ്രിഡ്ജിനു മുൻവശത്തായി വേനൽക്കാലത്തും മഴക്കാലത്തും ഒരുപോലെ വെള്ളം ഒഴുകി വഴിയിലൂടെ കടന്നു പോകുന്നത് സ്ഥിരം കാഴ്ച്ചയാണ്. അപകടകരമായ വളവ് ആയതിനാൽ ബൈക്ക് യാത്രക്കാർ തെന്നി മറിയാനും ഇവിടെ സാധ്യതയുണ്ട്. സമീപപ്രദേശങ്ങളിലെ കെട്ടിടങ്ങൾക്കിടയിൽ നിന്നും മറ്റുമായി ഒഴുകിവരുന്ന മലിനജലം കെ.കെ. റോഡിൽ കാൽനട വഴിയാത്രക്കാർക്കും വാഹനങ്ങൾക്കും ദുരിതമായി മാറുന്നു . സമീപവാസികൾ ഇതിനെതിരെ പരാതിപ്പെട്ടിട്ടും അധികാരികളുടെ ഭാഗത്തുനിന്ന് യാതൊരുവിധ നടപടികളുണ്ടായില്ല . ദേശീയപാതയുടെ അറ്റകുറ്റപണി കാഞ്ഞിരപ്പള്ളി സെക്ഷൻ ആയതിനാൽ പലപ്പോഴും വെള്ളക്കെട്ടുകളും മലിനജലം ഒഴുകിവരുന്നതും ഒരു പരിധിവരെ പഞ്ചായത്തിന് നടപടി എടുക്കുന്നതിന് കഴിയാറുമില്ല. എന്നിരുന്നാലും പഞ്ചായത്തിൻ്റെ പരിധിയിൽ നിന്ന് മലിനജലം ഒഴുകിവരുന്ന പ്രദേശത്തെ കെട്ടിടങ്ങൾക്ക് മാർഗനിർദ്ദേശങ്ങൾ പഞ്ചായത്ത് അധികാരികൾ നൽകുമെന്ന് പ്രതീക്ഷയിലാണ് സമീപവാാസികൾ

