തൊഴിലുറപ്പ്-നിർമാണ മേഖലയിലെ തൊഴിലാളികളടക്കം അസംഘടിത മേഖലയിലെ എല്ലാ തൊഴിലാളികളും ഇ-ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.
തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിക്കുന്നതിന് കേന്ദ്ര തൊഴിൽ മന്ത്രാലയം തയാറാക്കിയ ആധാർ അധിഷ്ഠിതമായ ദേശീയ വിവര രജിസ്‌ട്രേഷൻ സംവിധാനമാണ് ഇ-ശ്രം പോർട്ടൽ. 16 മുതൽ 59 വയസുവരെയുള്ള അസംഘടിത തൊഴിലാളികൾക്ക് രജിസ്റ്റർ ചെയ്യാം. ഇ.എസ്.ഐ., ഇ.പി.എഫ്.ഒ. ആനുകൂല്യം ഇല്ലാത്തവർക്കും വരുമാനനികുതി പരിധിയിൽപ്പെടാത്തവർക്കും രജിസ്റ്റർ ചെയ്യാൻ അവസരമുണ്ട്. രജിസ്റ്റർ ചെയ്യുന്ന തൊഴിലാളികൾക്ക് ഏകീകൃത തിരിച്ചറിയൽ കാർഡും പ്രധാനമന്ത്രി സുരക്ഷാ ഭീമ യോജന പ്രകാരം രണ്ടു ലക്ഷം രൂപയുടെ അപകടമരണ ഇൻഷുറൻസും ലഭിക്കും. അടിയന്തര-ദുരന്തസാഹചര്യങ്ങളിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിക്കുന്ന ആനുകൂല്യങ്ങളും ലഭിക്കും.
രജിസ്റ്റർ ചെയ്യേണ്ട വിധം
ആധാർ കാർഡ്, ആധാറുമായി ബന്ധിപ്പിക്കപ്പെട്ട മൊബൈൽ നമ്പർ, ബാങ്ക് പാസ്ബുക്ക് എന്നിവ ഉപയോഗിച്ച് https://register.eshram.gov.in/ എന്ന പോർട്ടലിലൂടെ രജിസ്റ്റർ ചെയ്യാം. മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചവർക്ക് പോർട്ടലിലൂടെ നേരിട്ടും അക്ഷയ/കോമൺ സർവീസ് കേന്ദ്രം വഴിയും രജിസ്റ്റർ ചെയ്യാം. അല്ലാത്തവർക്ക് അക്ഷയ/കോമൺ സർവീസ് കേന്ദ്രം വഴിയാണ് രജിസ്‌ട്രേഷൻ സൗകര്യം. രജിസ്‌ട്രേഷൻ സൗജന്യമാണ്. ഡിസംബർ 31 വരെയാണ് രജിസ്‌ട്രേഷൻ.
ആർക്കൊക്കെ രജിസ്റ്റർ ചെയ്യാം?
അസംഘടിത തൊഴിലാളികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, അതിഥി തൊഴിലാളികൾ, നിർമാണ തൊഴിലാളികൾ, ഗാർഹിക തൊഴിലാളികൾ, കർഷക തൊഴിലാളികൾ, സ്വയം തൊഴിലുകാർ, വഴിയോര കച്ചവടക്കാർ, ചെറുകിട കച്ചവടക്കാർ, ആശാ പ്രവർത്തകർ,അങ്കണവാടി പ്രവർത്തകർ, മത്സ്യത്തൊഴിലാളികൾ, ക്ഷീര കർഷകർ, സ്‌കൂൾ പാചക തൊഴിലാളികൾ, പത്ര ഏജന്റുമാർ, ചെറുകിട-നാമമാത്ര കർഷകർ, മൃഗസംരക്ഷണത്തിൽ ഏർപ്പെട്ടവർ, ബീഡിത്തൊഴിലാളികൾ, തുകൽ തൊഴിലാളികൾ, നെയ്ത്തുകാർ, ആശാരിമാർ, ഇഷ്ടിക ചൂള, കല്ല് ക്വാറികളിലെ തൊഴിലാളികൾ, മില്ലുകളിലെ തൊഴിലാളികൾ, മീഡ്‌വൈഫ്, ബാർബർ, പഴം-പച്ചക്കറി കച്ചവടക്കാർ, ന്യൂസ് പേപ്പർ വെണ്ടർമാർ, റിക്ഷതൊഴിലാളികൾ, ഓട്ടോ ഡ്രൈവർമാർ, സെറികൾച്ചർ തൊഴിലാളികൾ, മരപ്പണിക്കാർ, ടാറിംഗ് തൊഴിലാളികൾ, ഹരിതകർമ സേനാംഗങ്ങൾ.
അക്ഷയ/കോമൺ സർവീസ് സെന്ററുകളെ ഉപയോഗിച്ച് ഇ-ശ്രം രജിസ്‌ട്രേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കാൻ തദ്ദേശ്വയംഭരണ സ്ഥാപന സെക്രട്ടറിമാർക്കും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്കും നിർദേശം നൽകി. രജിസ്‌ട്രേഷൻ വേഗത്തിലാക്കാൻ വിവിധ വകുപ്പ് മേധാവികളോടും വിവിധ ബോർഡുകളുടെ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർമാരോടും നിർദ്ദേശിച്ചു. ഡിസംബർ 31 നകം ജില്ലയിലെ മുഴുവൻ അസംഘടിത തൊഴിലാളികളുടെയും രജിസ്‌ടേഷൻ നടപടി പൂർത്തിയാക്കണം.

