കോട്ടയം: അനധികൃതമായി സ്ഥാപിച്ചിട്ടുള്ള കൊടി മരങ്ങൾ ഡിസംബർ 18നകം നീക്കാൻ ജില്ലാ കളക്ടറുടെ കർശന നിർദ്ദേശം. ജില്ലയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും പൊതുമരാമത്ത്, റവന്യൂ വകുപ്പുകളുടെയും കീഴിലുള്ള പാതയോരങ്ങളിലും പുറമ്പോക്കുകളിലും പാതയോരത്തെ അനധികൃത കൊടിമരങ്ങൾ നീക്കുന്നതുമായി ബന്ധപ്പെട്ട് കളക്‌ട്രേറ്റിൽ ചേർന്ന പഞ്ചായത്ത്, റവന്യൂ, പൊതുമരാമത്ത്, നഗരസഭ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് നിർദ്ദേശം. കൊടിമരങ്ങൾ നീക്കുന്നതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടി സംബന്ധിച്ച റിപ്പോർട്ട് ഡിസംബർ 20 നകം നൽകാൻ ഹൈക്കോടതി ജില്ലാ കളക്ടറോട് നിർദ്ദേശിച്ചിട്ടുണ്ട്.
പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള പാതയോരങ്ങളിലെ കൊടിമരങ്ങൾ അടിയന്തരമായി നീക്കാൻ എക്‌സിക്യൂട്ടീവ് എൻജിനീയർക്ക് കളക്ടർ നിർദ്ദേശം നൽകി. പഞ്ചായത്ത് സെക്രട്ടറിമാർക്ക് ഇതു സംബന്ധിച്ച നിർദ്ദേശം നൽകാൻ പഞ്ചായത്ത് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറെ ചുമതലപ്പെടുത്തി. നഗരസഭകളിൽ നഗരസഭ സെക്രട്ടറിമാർ അടിയന്തരനടപടി സ്വീകരിക്കണം.
Read......👉 റോഡ് റോളറും തൃപ്തികരമല്ലാത്ത മറുപടിയും നൽകി പൊതുമരാമത്ത് !
അതത് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ഉദ്യോഗസ്ഥർക്ക് ആവശ്യമായ സംരക്ഷണമൊരുക്കും. റവന്യൂ പുറമ്പോക്കുകളിൽ സ്ഥാപിച്ചവ നീക്കുന്നതിന് തഹസിൽദാർമാർക്കും വില്ലേജ് ഓഫീസർമാർക്കും നിർദ്ദേശം നൽകി. യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. സ്വമേധയാ കൊടിമരങ്ങൾ നീക്കുന്നതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം താലൂക്ക് തലത്തിൽ വിളിക്കാൻ തഹസിൽദാർക്ക് നിർദ്ദേശം നൽകി.
സ്വമേധയാ നീക്കം ചെയ്യാത്ത പക്ഷം പഞ്ചായത്ത്/നഗരസഭ സെക്രട്ടറിമാർക്ക് നിയമാനുസൃത നടപടി സ്വീകരിക്കാം. അടിയന്തര നടപടി സ്വീകരിച്ച് ഡിസംബർ 18 നകം ബന്ധപ്പെട്ട ഉദ്യോസ്ഥർ റിപ്പോർട്ട് നൽകണം. കളക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ എ.ഡി.എം. ജിനു പുന്നൂസ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ബിനു ജോൺ, തഹസിൽദാർമാർ, പൊതുമരാമത്ത്-റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ, നഗരസഭ സെക്രട്ടറിമാർ എന്നിവർ പങ്കെടുത്തു.

