ആദ്യ പകുതിയിൽ നിറംമങ്ങിയെങ്കിലും രണ്ടാം പകുതിയിൽ ഉജ്ജ്വല തിരിച്ചുവരവുമായി നിർണായക മത്സരത്തിൽ ജയം നേടി അർജന്‍റീന. ഗോളടിച്ചും ഗോളിന് വഴിയൊരുക്കിയും നായകൻ ലയണൽ മെസി മുന്നിൽനിന്ന് നയിച്ചപ്പോൾ, ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് മെക്സിക്കോയെയാണ് അർജന്‍റീന കീഴടക്കിയത്. 64-ാം മിനിട്ടിൽ ലയണൽ മെസിയും 88-ാം മിനിട്ടിൽ എൻസോ ഫെർണാണ്ടസുമാണ് അർജന്‍റീനയുടെ ഗോളുകൾ നേടിയത്.പോളണ്ടുമായാണ് അർജന്‍റീനയുടെ അവസാന ഗ്രൂപ്പ് മത്സരം.
ആദ്യ മത്സരം സൌദി അറേബ്യയോട് തോറ്റതോടെ ജയം അനിവാര്യമായിരുന്നു അർജന്‍റീനയ്ക്ക്.രണ്ടാം പകുതിയിൽ ആക്രമണം കൂടുതൽ ശക്തമാക്കിയാണ് അർജന്‍റീന ഇറങ്ങിയത്. അമിത പ്രതിരോധം മെക്സിക്കോയ്ക്ക് വിനയാകുകയും ചെയ്തു. 64-ാം മിനിട്ടിലാണ് ആദ്യ ഗോൾ പിറന്നത്. എയ്ഞ്ചൽ ഡി മരിയ വലതുവശത്ത് നിന്ന് അകത്തേക്ക് മുറിച്ച് നൽകിയ ക്രോസ് പിടിച്ചെടുത്ത് മെസി പന്ത് നിയന്ത്രണത്തിലാക്കി നൊടിയിടയിൽ പായിച്ച ഒരു ലോങ് റേഞ്ചറിലൂടെയായിരുന്നു ഗോൾ പിറന്നത്.
| Group56 |


