കോട്ടയം: സംസ്ഥാന സർക്കാർ സാമൂഹിക സന്നദ്ധ സേനാ ഡയറക്ടറേറ്റും ജില്ലാ ദുരന്ത നിവാരണ അതോറിട്ടിയും സാമൂഹിക സന്നദ്ധ സേനാ പ്രവർത്തകർക്കായി സംഘടിപ്പിച്ച പരിശീലനത്തിന്റെ ജില്ലാതല ഉദ്ഘാടനം കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ സഹകരണ - സാംസ്കാരിക വകുപ്പു മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. കോട്ടയം താലൂക്ക് തലത്തിൽ സന്നദ്ധ പ്രവർത്തകർക്കുള്ള പരിശീലനം മാമ്മൻ മാപ്പിള ഹാളിൽ നടന്നു.
1000 സന്നദ്ധസേന പ്രവർത്തകർക്കാണ് ദുരന്ത മുന്നൊരുക്ക പരിശീലനം നൽകുന്നത്. ദുരന്തസാധ്യതകൾ മുൻകൂട്ടി കണ്ട് പ്രതിരോധമാർഗം തയാറാക്കുകയും ആവശ്യമായ മുൻകരുതൽ സ്വീകരിക്കാൻ ജനങ്ങളെ പ്രാപ്തരാക്കുകയുമാണ് പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നത്. താലൂക്ക്തലത്തിലാണ് പരിശീലനങ്ങൾ നടത്തുന്നത്. സ്‌പോട്ട് രജിസ്‌ട്രേഷനും അവസരമുണ്ട്.നവംബർ 23ന് വൈക്കം താലൂക്കിലെ ഞീഴൂർ ഗ്രാമപഞ്ചായത്ത് ഹാളിലും 24ന് കാഞ്ഞിരപ്പള്ളി താലൂക്കിലെ ചിറക്കടവ് ഗ്രാമപഞ്ചായത്ത് ഹാളിലും 25ന് ചങ്ങനാശ്ശേരി താലൂക്കിലെ ചങ്ങനാശ്ശേരി മുൻസിപ്പൽ കമ്യൂണിറ്റി ഹാളിലും 26ന് മീനച്ചിൽ താലൂക്കിലെ പാലാ മുൻസിപ്പൽ ടൗൺ ഹാളിലും പരിശീലനം സംഘടിപ്പിക്കും.
| Group56 |


