കോട്ടയം: കൂടംകുളം പദ്ധതി നഷ്ടപരിഹാര തുക വിതരണത്തിന് 6 അധിക തസ്തിക കൂടി അനുവദിച്ച് സമയബന്ധിതമായി നഷ്ടപരിഹാര വിതരണം ചെയ്യുമെന്ന് റവന്യൂ വകുപ്പുമന്ത്രി കെ. രാജന്‍ അറിയിച്ചതായി ഗവണ്‍മെന്റ് ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് അറിയിച്ചു. ഇത് സംബന്ധിച്ച് നിയമസഭയില്‍ അവതരിപ്പിച്ച സബ്മിഷന് മറുപടിയായാണ് ഇക്കാര്യം മന്ത്രി അറിയിച്ചത്. കൂടംകുളം പദ്ധതിയുടെ സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ക്കായി 2017 ല്‍ രൂപീകരിച്ച സ്‌പെഷ്യല്‍ തഹസീല്‍ദാര്‍ എല്‍.എ. (പവര്‍ഗ്രിഡ്) കോട്ടയം ഓഫീസ് പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ അധികൃതരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നിര്‍ത്തലാക്കിയിരുന്നു.
കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ വാഴൂര്‍ വില്ലേജില്‍ 57 കക്ഷികള്‍ക്കും കങ്ങഴ വില്ലേജിലെ 266 കക്ഷികള്‍ക്കും വെള്ളാവൂര്‍ വില്ലേജിലെ 150 കക്ഷികള്‍ക്കും നഷ്ടപരിഹാരം നല്‍കുവാന്‍ ബാക്കിയുള്ളതാണ്. ഇതിനാവശ്യമായ തുകയായ മൂന്ന് കോടിയിലധികം രൂപ കോട്ടയം എല്‍.എ. (പവര്‍ഗ്രിഡ്) സ്‌പെഷ്യല്‍ തഹസീല്‍ദാരുടെ അക്കൗണ്ടിലുണ്ടായിട്ടും പ്രസ്തുത ഓഫീസ് നിര്‍ത്തലാക്കിയ സാഹചര്യത്തില്‍ തുക വിതരണം ചെയ്യാന്‍ സാധിക്കാതെ വന്നു. പ്രസ്തുത ഓഫീസ് പുനസ്ഥാപിക്കണമെന്നും ഇതുമൂലം വസ്തു ഉടമസ്ഥര്‍ക്കുണ്ടായ ബുദ്ധിമുട്ട് പരിഹരിക്കണമെന്നും ആവശ്യപ്പെട്ടാണ് ചീഫ് വിപ്പ് സബ്മിഷന്‍ ഉന്നയിച്ചത്.
പ്രസ്തുത ആവശ്യം റവന്യൂ വകുപ്പ് അംഗീകരിച്ച് ആറ് പുതിയ തസ്തിക സൃഷ്ടിച്ച് നഷ്ടപരിഹാരം കോട്ടയത്ത് തന്നെ വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കുമെന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. അധികമായി ജീവനക്കാരെ അനുവദിച്ച് കോട്ടയം സ്‌പെഷ്യല്‍ തഹസീല്‍ദാര്‍ എല്‍.എ.(ജനറല്‍) യൂണിറ്റിനെ ചുമതലപ്പെടുത്തി സമയബന്ധിതമായി നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിനുള്ള സത്വര നടപടികള്‍ സ്വീകരിക്കുന്നതിന് ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്നും മന്ത്രി അറിയിച്ചതായി ചീഫ് വിപ്പ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
| Group63 |

