കോട്ടയം: 573 കോടി രൂപയുടെ നിക്ഷേപവും 2458 തൊഴിലവസരവും സൃഷ്ടിക്കുന്ന 95 പദ്ധതികൾ ജില്ലാ നിക്ഷേപ സംഗമത്തിൽ അവതരിപ്പിച്ചു. സ്വകാര്യ വ്യവസായ പാർക്കുകൾ, ഭക്ഷ്യ സംസ്്കരണം, ക്ഷീര ഉൽപന്നങ്ങൾ, റബർ ഉൽപന്നങ്ങൾ, ആയുർവേദ ടൂറിസം സംരംഭങ്ങൾ, സേവന വ്യാപാര സംരംഭങ്ങൾ തുടങ്ങിയ വിവിധ മേഖലകളിലായുള്ള പദ്ധതികളാണ് വ്യവസായ വകുപ്പ് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടത്തിയ നിക്ഷേപസംഗമത്തിൽ അവതരിപ്പിച്ചത്. കോട്ടയം ഐഡ ഹോട്ടലിൽ നടന്ന നിക്ഷേപസംഗമം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ കോട്ടയം നഗരസഭാംഗം എൻ. ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. എസ്.ബി.ഐ. കോട്ടയം എ.ജി.എം. സുരേഷ്‌തോമസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ എം.വി. ലൗലി, കെ.എസ്.എസ്.ഐ.എ. പ്രസിഡന്റ് കെ. ദിലീപ്കുമാർ, കനറാ ബാങ്ക് എ.ജി.എം. ജയകുമാർ എന്നിവർ പ്രസംഗിച്ചു.
മികച്ചരീതിയിൽ സംരംഭങ്ങൾക്കു വായ്പ അനുവദിച്ച ബാങ്കുകളെ സംഗമത്തിൽ ആദരിച്ചു. സംരംഭകത്വ പ്രോത്സാഹനത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച താലൂക്ക് വ്യവസായ ഓഫീസ് ഉദ്യോഗസ്ഥരെയും ചടങ്ങിൽ ആദരിച്ചു. സംരംഭകരും പ്രോജക്ടുകൾ വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ ജില്ലാ മേധാവികൾക്കു മുന്നിൽ അവതരിപ്പിച്ചു.
കേരള സർക്കാർ പ്രൈവറ്റ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ആയി അംഗീകാരം നൽകിയ ജേക്കബ് ആൻഡ് റിച്ചാർഡ് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ഭക്ഷ്യ സംസ്‌കരണ മേഖലയിലുള്ള പദ്ധതി സംഗമത്തിൽ അവതരിപ്പിച്ചു. ആയിരത്തോളം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നു കരുതുന്ന പദ്ധതിയുടെ ആകെ ചിലവ് 250 കോടി രൂപയാണ്. പ്രൈവറ്റ് ഇൻസ്ട്രിയൽ എസ്റ്റേറ്റായി അംഗീകാരം ലഭിച്ച സാൻസ് സ്റ്റേറയിൽസ് പ്രൈവറ്റ് ലിമിറ്റഡിന്റെ 250 കോടി രൂപ നിക്ഷേപവും 350 തൊഴിൽ അവസരങ്ങളും സൃഷ്ടിക്കുന്ന ഫാർമസ്യൂട്ടിക്കൽ മേഖലയിലുള്ള പദ്ധതിയും സംഗമത്തിൽ അവതരിപ്പിച്ചു. ഓജസ് ബ്രാൻഡ് ഉൽപന്നങ്ങളുടെ നിർമാതാക്കളായ ജോസ്‌കോ ഫുഡ് ഇൻഡസ്ട്രീസിന്റെ അഞ്ചുകോടി രൂപ നിക്ഷേപവും 140 തൊഴിൽ അവസരങ്ങളും പ്രതീക്ഷിക്കുന്ന പുതിയ പ്രൈവറ്റ് ഫുഡ് പാർക്ക് പദ്ധതിയും സംഗമത്തിൽ അവതരിപ്പിച്ചു.
ഒരുവർഷം കൊണ്ട് ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കുക എന്ന ലക്ഷ്യത്തോടെ വ്യവസായ വാണിജ്യ വകുപ്പ് 2022-23 സംരംഭക വർഷമായി ആചരിക്കുകയാണ്. കോട്ടയം ജില്ലയിൽ ഒരുലക്ഷം സംരംഭ പദ്ധതിയുടെ ഭാഗമായി 7614 സംരംഭങ്ങൾ ആരംഭിക്കുകയും അതിലൂടെ 427 കോടി രൂപയുടെ നിക്ഷേപവും 15952 പേർക്കു തൊഴിലും ലഭ്യമാക്കിയിട്ടുണ്ട്.
അതേസമയം കോട്ടയം ജില്ലയിലെ വിവിധ എസ്ബിഐ പോലുള്ള ബാങ്കുകൾ പുതിയ സംരംഭത്തിന് ആയിട്ടുള്ള അപേക്ഷകൾ സമർപ്പിക്കുമ്പോൾ ആളും തരവും നോക്കി ലോൺ പാസാക്കി കൊടുക്കുകയും മോശമായ രീതിയിൽ പെരുമാറുകയും ചെയ്തതായി പല സ്ഥലങ്ങളിൽനിന്നും റിപ്പോർട്ടുകളുണ്ട്. സംരംഭങ്ങൾ തുടങ്ങണമെന്ന് സർക്കാർ പറയുമ്പോൾ ബാങ്കിൻറെ ഇത്തരത്തിലുള്ള സമീപനങ്ങൾ പുതിയ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന യുവതലമുറയെ പിന്നിലേക്ക് വലിക്കുന്നു എന്നുള്ള കാര്യം പലപ്പോഴും സർക്കാർ തലങ്ങളിൽ വേണ്ടപ്പെട്ട അധികാരികൾ അറിയുന്നില്ല.വാഴൂർ പുളിക്കൽകവല എസ് ബി ഐ അത്തരത്തിൽ ഖാദി ആൻഡ് വില്ലേജ്, വ്യവസായ വകുപ്പിൽ സമർപ്പിച്ച പ്രോജക്ടുകളും ആയി സമീപിച്ച വ്യക്തിയെ വ്യക്തമായ കാരണം ഇല്ലാതെ മടക്കി വിടുകയുണ്ടായി.ഇത്തരത്തിൽ ഇരട്ടത്താപ്പുകൾ കാണിക്കുന്ന ബാങ്കുകളെ നിയന്ത്രിക്കുന്ന തരത്തിലാവണം പുതിയ സംരംഭത്തിന് തിരികൊളുത്താൻ.
| Group63 |

