കോട്ടയം കാണക്കാരിയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ചു റോഡിൽ തെറിച്ചു വീണയാൾ ബസ് കയറി മരിച്ചു.കോട്ടയം കാണക്കാരി ചാത്തമല കുഴിമ്പറമ്പിൽ ഗോപി (ബേബി - 63) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു അപകടം. അപകടത്തെ തുടർന്ന് കോട്ടയം - എറണാകുളം റോഡിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.
കാണക്കാരി ഷാപ്പുംപടിയിലാണ് അപകടമുണ്ടായത്. റോഡ് മുറിച്ചു കടക്കുകയായിരുന്ന ബേബിയെ കടുത്തുരുത്തി ഭാഗത്തു നിന്ന് നിയന്ത്രണം വിട്ടു പാഞ്ഞുവന്ന കാർ ഇടിച്ചു തെറിപ്പിച്ചു. റോഡിൽ തെറിച്ചു വീണ ബേബിയുടെ ദേഹത്ത് കൂടി വൈക്കം ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് കയറുകയായിരുന്നു. തൽക്ഷണം മരണം സംഭവിച്ചു. അപകട സ്ഥലത്തിനു സമീപത്ത് കട നടത്തുകയായിരുന്ന ബേബിയുടെ സഹോദരൻ ബെന്നി മൃതദേഹം കണ്ട് ബോധരഹിതനായി. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. അപകടത്തിന് കാരണമായ കാറിനായുള്ള തിരച്ചിൽ പൊലീസ് ആരംഭിച്ചു.
| Group63 |

