ബൈജൂസിന്റെ സിഇഒ ബൈജു രവീന്ദ്രന്റെ വസതിയിലും ഡൽഹിയിലെ ഓഫീസുകളിലുമായിട്ടായിരുന്നു എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. വിദേശ ധനസഹായ നിയമങ്ങൾ ലംഘിച്ചെന്നാരോപിച്ചാണ് ഇ.ഡി പരിശോധന നടത്തിയത്. ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്‌ട് (ഫെമ) പ്രകാരം ബൈജു രവീന്ദ്രനും അദ്ദേഹത്തിന്റെ കമ്പനിയായ ‘തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡി’നും എതിരായ കേസുമായി ബന്ധപ്പെട്ട്, ബംഗളൂരുവിലെ രണ്ട് വ്യാപാര സ്ഥാപനങ്ങളിലും അദ്ദേഹത്തിന്റെ വീട്ടിലും അന്വേഷണ ഏജൻസി പരിശോധന നടത്തി.
നിരവധി ഡിജിറ്റൽ ഡാറ്റകൾ പിടിച്ചെടുത്തതായി ഇ.ഡി അറിയിച്ചു.എന്നാൽ, പതിവ് അന്വേഷണവുമായി ബന്ധപ്പെട്ട് നടന്ന പരിശോധനയാണ് നടന്നതെന്നാണ് ബൈജു പ്രതികരിച്ചത്. അന്വേഷണ ഏജൻസിയുടെ വെളിപ്പെടുത്തലിന് മിനിറ്റുകൾക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അന്വേഷണ ഉദ്യോഗസ്ഥരുമായി തങ്ങൾ പൂർണമായും സഹകരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.


