കറുകച്ചാലിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കറുകച്ചാൽ മാന്തുരുത്തി ആഴാംചിറയിൽ വീട്ടിൽ കണ്ണൻ മകൻ അഖിൽ (23) എന്നയാളെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ വൈകിട്ടോടുകൂടി നെടുംകുന്നം ജംഗ്ഷന് സമീപം വച്ച് യുവാവിനെ വാക്കത്തി കൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
യുവാവും അഖിലും തമ്മിൽ ഷാപ്പിൽ പണം നൽകിയതിനെചൊല്ലി വാക്ക് തർക്കം ഉണ്ടാവുകയും തുടർന്ന് അഖിൽ യുവാവിനെ ചീത്ത വിളിക്കുകയും, ഇത് യുവാവ് ചോദ്യം ചെയ്യുകയും തുടര്‍ന്ന് തെങ്ങുകയറ്റക്കാരനായ അഖിൽ തന്റെ അരയിലിരുന്ന വാക്കത്തി കൊണ്ട് യുവാവിനെ ആക്രമിക്കുകയുമായിരുന്നു.
പരാതിയെ തുടർന്ന് കറുകച്ചാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. കറുകച്ചാൽ സ്റ്റേഷൻ എസ്.എച്ച്.ഓ മഹേഷ് കുമാർ, എസ്.ഐ അനിൽകുമാർ, സി.പി.ഓ മാരായ പ്രദീപ്, സുരേഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്


