മുണ്ടക്കയത്ത് സഹോദരങ്ങൾ തമ്മിലുണ്ടായ വാക്ക് തർക്കത്തിനിടെ അനിയൻ കൊല്ലപ്പെട്ടു.മുണ്ടക്കയം വരിക്കാനി മൈക്കോളജി ഭാഗത്ത് താമസക്കാരായ തോട്ടക്കര വീട്ടിൽ രാജപ്പന്റെ മകൻ രഞ്ജിത്ത് (29) ആണ് മരിച്ചത്. ഇയാളുടെ സഹോദരൻ അജിത്തിനായി മുണ്ടക്കയം പോലീസ് അന്വേഷണം ഊർജിതമാക്കി.വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം.
മദ്യലഹരിയിൽ എത്തുന്ന അജിത്ത് മാതാവുമായി വഴക്കിടുന്നത് പതിവായിരുന്നു. വ്യാഴാഴ്ച രാത്രിയിലും മാതാവുമായുള്ള സംഘർഷം തടയുന്നതിന് ഇടയിൽ രഞ്ജിത്തിന് സാരമായി പരിക്കേൽക്കുകയായിരുന്നു.
ഉടൻതന്നെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പോസ്റ്റ്മോർട്ടത്തിന് ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കുവെന്ന് പോലീസ് അറിയിച്ചു.





