വാഴൂർ: മാലിന്യം പൊതു സ്ഥലത്ത് തള്ളുന്നതിൽ മലയാളികൾ പൊതുവേ മുന്നിലാണ്. അവനവൻറെ വീടുകളിൽ മാലിന്യം സംസ്കരിക്കാതെ വഴിയോരങ്ങളിലും മറ്റ് സ്ഥലങ്ങളിലും നിക്ഷേപിക്കുന്നതിലൂടെ പൊതുജനങ്ങളുടെ ആരോഗ്യത്തെയും പരിസ്ഥിതിയെയും നമ്മൾ നശിപ്പിക്കുന്നു എന്ന ബോധ്യം മലയാളികൾക്ക് ഇല്ല.
എന്നാൽ മാലിന്യം തള്ളൽ വിവരം നൽകുന്നവർക്ക് പ്രതിഫലം നൽകുമെന്ന് വാർത്ത വന്നതോടുകൂടി പലരും ശ്രദ്ധിക്കാൻ തുടങ്ങി. എന്നാൽ കൂടി ചില സ്ഥാപനങ്ങൾ തങ്ങളുടെ മാലിന്യം വഴിയോരത്ത് തള്ളുന്നത് പതിവാക്കിയിട്ടുണ്ട്.
പൊതുസ്ഥലത്തും വഴിയരികിലും മാലിന്യം വലിച്ചെറിയുന്നവരെ കുറിച്ച് അറിയിപ്പ് നൽകുന്നവർക്ക് പ്രതിഫലം നൽകാനുള്ള തദ്ദേശ ഭരണ വകുപ്പിൻറെ തീരുമാനപ്രകാരം ജില്ലയിലെ ആദ്യ പ്രതിഫലത്തിന് വാഴൂർ ഗ്രാമപഞ്ചായത്ത് അംഗം ഒന്നാം വാർഡിലെ സുബിൻ നെടുംപുറം അർഹനായി.
| സുബിൻ നെടുംപുറം |
ലഭ്യമാകുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ മാലിന്യം തള്ളിയവർക്ക് പിഴ ചുമത്തുകയും, പിഴയായി അടക്കുന്ന പണത്തിന്റെ 25 ശതമാനം വിവരം നൽകുന്ന വ്യക്തിക്ക് നൽകാനുമാണ് ഉത്തരവ്.
വാഴൂർ ഗ്രാമപഞ്ചായത്തിലെ പുളിക്കൽ കവലയ്ക്ക് സമീപം ചെല്ലിമറ്റം വളവിൽ ദേശീയപാതയോരത്ത് മാലിന്യം തള്ളിയ പുളിക്കൽ കവലയിലെ ഹോട്ടൽ ഉടമയ്ക്കാണ് പിഴ ചുമത്തിയത്.
മാലിന്യം തള്ളിയ വ്യക്തിയെ സംബന്ധിച്ച് തെളിവ് സഹിതം ആണ് മെമ്പർ സുബിൻ നെടുംപുറം പഞ്ചായത്ത് സെക്രട്ടറിക്ക് വിവരം നൽകിയത്.





