കുട്ടികളിലെ മയക്കുമരുന്ന് ഉപഭോഗം ശ്രദ്ധയിൽപ്പെട്ടാൽ സ്‌കൂൾ അധികൃതർ നിർബന്ധമായും പൊലീസിനെയോ എക്‌സൈസിനെയോ വിവരം അറിയിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിവിധ ജില്ലകളിലെ 382 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപത്ത് മയക്കുമരുന്ന് ഇടപാടുകൾ നടക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിരീക്ഷണത്തിലാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
ഈ വിദ്യാലയങ്ങളെ പ്രത്യേകമായി കണ്ട് നോ ടു ഡ്രഗ്‌സ് ക്യാമ്പയിനിന്റെ സ്‌പെഷ്യൽ ഡ്രൈവ് ആസൂത്രണം ചെയ്യണം. ആവശ്യമായ പിന്തുണ നൽകാൻ പൊലീസ് വകുപ്പിന് നിർദ്ദേശം നൽകും. സ്‌കൂൾ പരിസരങ്ങളിൽ പോലീസ്, എക്‌സൈസ് വകുപ്പുകളുടെ നിരന്തര നിരീക്ഷണം ഏർപ്പെടുത്തണം. സ്‌കൂളുകളിൽ പ്രദേശിക തലങ്ങളിലുള്ള ജാഗ്രത സമിതികളുടെ നിരീക്ഷണവും ശക്തിപ്പെടുത്തണമെന്നും യോഗത്തില്‍ തീരുമാനിച്ചു.
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രത്യേക ലഹരിവിരുദ്ധ സെമിനാറുകൾ, അവതരണങ്ങൾ, അവധിക്കാലത്ത് നടത്തേണ്ട പ്രവർത്തനങ്ങൾ എന്നിവ ആസൂത്രണം ചെയ്യണം. ശ്രദ്ധ, നേർക്കൂട്ടം എന്നിവയുടെ പ്രവർത്തനം എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും അടിയന്തിരമായി ആരംഭിക്കുന്നതിനുള്ള നടപടി കൈക്കൊള്ളണം. ഇത്തരം കൂട്ടായ്മയുടെ ഭാഗമായി പ്രവർത്തിക്കുന്നവർക്ക് പ്രത്യേക പരിശീലനം ഉറപ്പാക്കണം. എൻ.സി.സി., എസ്.പി.സി., എൻ.എസ്.എസ്., സ്‌കൗട്ട് ആന്റ് ഗൈഡ്സ്, ജെ.ആർ.സി., വിമുക്തി ക്ലബ്ബുകൾ മുതലായ സംവിധാനങ്ങളെ ലഹരി വിരുദ്ധ ക്യാമ്പയിനിൽ ഫലപ്രദമായി പ്രയോജനപ്പെടുത്തണം.
എല്ലാ സർക്കാർ, അർധസർക്കാർ, പൊതുമേഖല, സഹകരണ സ്ഥാപനങ്ങളിലും ലഹരി വിരുദ്ധ പോസ്റ്ററുകൾ പതിക്കണം. പോസ്റ്ററിൽ ലഹരി ഉപഭോഗം/വിതരണം ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കാൻ ബന്ധപ്പെട്ടവരുടെ ഫോൺ നമ്പർ ഉൾപ്പെടുത്തണമെന്ന് തീരുമാനിച്ചതാണെങ്കിലും ഓഫീസുകളിൽ വേണ്ടത്ര പോസ്റ്ററുകൾ വന്നിട്ടില്ല.
രണ്ടാഴ്ചക്കകം എല്ലാ ഓഫീസുകളിലും പോസ്റ്റർ ആകർഷകമായ രീതിയിൽ പതിപ്പിക്കണം. വ്യാപാര സ്ഥാപനങ്ങളിൽ ലഹരി പദാർഥങ്ങൾ വിൽപ്പന നടത്തുന്നില്ലെന്നും ലഹരി വസ്തുക്കൾ ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെടാനുള്ള ഫോൺ നമ്പറും പ്രദർശിപ്പിക്കുന്ന ബോർഡ് രണ്ടാഴ്ചയ്ക്കുള്ളിൽ സ്ഥാപിക്കണം.
തദ്ദേശ സ്വയംഭരണ സ്ഥാപനതല ലഹരി വിരുദ്ധ ജനജാഗ്രതാ സമിതികൾ ചുരുങ്ങിയത് മൂന്നു മാസത്തിലൊരിക്കൽ യോഗം ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തണം. തുടർ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും വേണം. ഈ യോഗങ്ങളിൽ ചുമതലയുള്ള എക്സൈസ്/ പോലീസ് ഉദ്യോഗസ്ഥർ പങ്കെടുക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.




