കങ്ങഴയില്‍ പ്രശസ്ത സാഹിത്യകാരി ലളിതാംബിക അന്തര്‍ജനത്തിന്റെ പേരില്‍ സാംസ്‌കാരിക സമുച്ചയത്തിന് 50 കോടി രൂപ അനുവദിച്ച പദ്ധതിയുടെ സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായി. ഏറ്റെടുത്ത ഭൂമി സാംസ്‌കാരിക വകുപ്പിന് കൈമാറി. ഇന്നലെ റവന്യൂ വകുപ്പില്‍ നിന്ന് റവന്യൂ ഇന്‍സ്‌പെക്ടര്‍ മുറാദ് ഇ സാസ്‌കാരിക വകുപ്പ് പ്രതിനിധി സുമ പി എസ് ന് വസ്തു സംബന്ധിച്ച രേഖകള്‍ കൈമാറിയതായി ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് അറിയിച്ചു.
2016-17ലെ പുതുക്കിയ ബജറ്റില്‍ എല്ലാ ജില്ലകളിലും സാംസ്‌കാരിക സമുച്ചയങ്ങള്‍ സ്ഥാപിക്കുതിനായി പ്രഖ്യാപനമുണ്ടായിരുന്നു. പ്രസ്തുത പദ്ധതിക്ക് ആവശ്യമായ 5 ഏക്കര്‍ സ്ഥലം കണ്ടെത്തി വിശദമായ പ്രൊപ്പോസല്‍ സര്‍ക്കാരിന്റെ മുന്‍പില്‍ എം.എല്‍.എ. സമര്‍പ്പിച്ചിരുന്നു. സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ പ്രസ്തുത സ്ഥലങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ കങ്ങഴയെ തിരഞ്ഞെടുക്കുകയായിരുന്നു.
കിഫ്ബി ധനസഹായത്തോടെയാണ് പ്രസ്തുത പദ്ധതി പൂര്‍ത്തിയാക്കുന്നത്. ഒരു ജില്ലയില്‍ ഒന്നുവീതം സംസ്ഥാനത്ത് ഇതുവരെ അനുമതി ലഭിച്ച 5 എണ്ണത്തില്‍ ഒന്നാണിത്. 50 കോടി രൂപയാണ് മൊത്തം ചെലവ്.
കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ സാംസ്‌കാരികരംഗത്തെ കുതിപ്പില്‍ ഈ പദ്ധതി നിര്‍ണായകമാകും. നാടകശാല, ആധുനിക നിലവാരത്തിലുള്ള സിനിമാ തീയറ്റര്‍, സംഗീതശാല, ഓപ്പറ ഹൗസ്, ആര്‍ട്ട് ഗാലറി, പുസ്തക കടകള്‍, ചെറുതും വലുതുമായ സെമിനാര്‍
ഹാളുകള്‍, ശില്‍പികള്‍ക്കും കരകൗശലവിദഗ്ദ്ധര്‍ക്കും പരിശീലനസൗകര്യം അവരുടെ പണിശാല, നാടക റിഹേഴ്‌സല്‍ സൗകര്യം, കലാകാരന്‍മാര്‍ക്കും സാഹിത്യകാരന്‍മാര്‍ക്കും ഹ്രസ്വകാല താമസ സൗകര്യങ്ങള്‍ എന്നിവയെല്ലാം അടങ്ങുന്നതാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്തിരിക്കുന്ന സാംസ്‌കാരിക സമുച്ചയം.
പ്രസ്്തുത സമുച്ചയം പൂര്‍ത്തിയാകുന്നതോടെ വിദേശികളും സ്വദേശികളുമടക്കം നിരവധി ടൂറിസ്റ്റുകള്‍ എത്തിച്ചേരുന്ന കേന്ദ്രമായി കങ്ങഴ മാറും.
പ്രസ്തുത പ്രദേശത്തിന്റെ മുഖച്ഛായ മാറുന്നതോടൊപ്പം വെള്ളാവൂരില്‍ എംഎല്‍എ ഫണ്ട് ഉപയോഗിച്ച് പണി പൂര്‍ത്തിയായ ഫോക് വില്ലേജ് ഇതിന്റെ സാറ്റലൈറ്റ് കേന്ദ്രമാകുകയും ചെയ്യും. നിയോജകമണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെ ടൂറിസം സാധ്യത ഇതോടെ ലോകമറിയപ്പെടും.
നിര്‍ദിഷ്ട എരുമേലി വിമാനത്താവളം സാംസ്‌കാരിക സമുച്ചയത്തിന്റെ പ്രസക്തിയേറ്റും. റവന്യൂവകുപ്പിന്റെ നടപടികള്‍ പൂര്‍ത്തിയാതിനാല്‍ പദ്ധതി രേഖയുടെ അന്തിമ അനുമതി കിഫ്ബിയില്‍ നിന്ന് ലഭിച്ചാലുടന്‍ സാങ്കേതികാനുമതി നല്‍കി ടെണ്ടര്‍ നടപടികളിലേക്ക് കടക്കാനാകും.
എത്രയും വേഗം നടപടികള്‍ പൂര്‍ത്തിയാക്കി പദ്ധതി യാഥാര്‍ത്ഥ്യമാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും ചീഫ് വിപ്പ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.





