വാഴൂർ: അദ്ധ്യാപകനും പ്രമുഖ പരിസ്ഥിതി പ്രവർത്തകനുമായ കെ ബിനുവിന്റെ പിപ്പലാന്ത്രിയിലെ പെൺമരങ്ങൾ എന്ന പുസ്തകം വാഴൂർ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ പ്രകാശനം ചെയ്തു. പുസ്തക പ്രകാശനത്തോടൊപ്പം നടന്ന സെമിനാർ യുവകലാസാഹിതിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി ഇ എം സതീശൻ ഉദ്ഘാടനം നിർവഹിച്ചു.
സാമൂഹ്യ പ്രവർത്തകർ, പരിസ്ഥിതി - കലാസാഹിത്യ രംഗത്തെ പ്രമുഖരും പങ്കെടുക്കുന്ന യോഗത്തിൽ പ്രകൃതിയെ തൊടുന്ന എഴുത്ത് എന്ന വിഷയം പ്രമുഖ കാവ് ഗവേഷകൻ ഡോ. ഇ ഉണ്ണികൃഷ്ണൻ വിഷയാവതരണം നടത്തി. യോഗത്തിൽ യുവകലാസാഹിതി കോട്ടയം ജില്ലാ പ്രസിഡൻറ് ജോസ് ചമ്പക്കര അധ്യക്ഷത വഹിച്ചു. കോട്ടയം ജില്ലാ സെക്രട്ടറി ആർ സുരേഷ് സ്വാഗതം പറഞ്ഞു.
ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി പി റെജി,യുവകലാസാഹിതി കാഞ്ഞിരപ്പള്ളി രക്ഷാധികാരി അഡ്വക്കറ്റ് എം കെ ഷാജി, യുവകലാസാഹിതി സംസ്ഥാന കമ്മിറ്റി അംഗം സാംജി ടി വി പുരം, അഡ്വക്കേറ്റ് ബിനു ബോസ്, പി സി ബാബു, സി കെ വിക്രമൻ പിള്ള, പി എം ജോൺ, വാവച്ചൻ വാഴൂർ, മോഹൻ ചേന്ദംകുളം, എസ് കെ ശ്രീകല, ജോളി തോമസ് ,ശ്രീലതവർമ്മ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.സാധാരണ പുസ്തക പ്രകാശനങ്ങളിൽ നിന്ന് വ്യത്യസ്തമായി പുസ്തകം ഉയർത്തിപ്പിടിച്ചു കൊണ്ടായിരുന്നു പ്രകാശനം നടത്തിയത്.
കൂടാതെ പരിപ്പുവടയും കട്ടൻ കാപ്പിയും വ്യത്യസ്തമാക്കി. യുവകലാസാഹിതി ജില്ലാ കമ്മിറ്റിയംഗം കെ ടി സുരേഷ് കൃതജ്ഞത പറഞ്ഞു. യുവകലാസാഹിതി കോട്ടയം ജില്ലാ കമ്മിറ്റിയാണ് പ്രോഗ്രാം സംഘടിപ്പിച്ചത്.
രാവിലെ എംഎച്ച്എസ്എസ് മറ്റക്കര സ്കൂളിലെ മന്ദാരം സീഡ് ക്ലബ്ബിലെ കുട്ടികളുമായി, പ്രസിദ്ധ കാവ് ഗവേഷകൻ ഡോക്ടർ ഇ. ഉണ്ണികൃഷ്ണൻ നടത്തിയ സംവാദം, പ്രകൃതിയും മനുഷ്യനും ജീവജാലങ്ങളും തമ്മിലുള്ള ബന്ധത്തിൻറെ ആഴത്തെ വ്യക്തമാക്കുന്ന അനുഭവമായി മാറി.




