വൈക്കം സ്റ്റേഷനിൽ എസ്ഐ ഉൾപ്പെടെ നാല് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. എസ്ഐ അജ്മൽ ഹുസൈൻ, പിആർഒ വിനോദ്, ബിനോയ്, സാബു എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. സ്ത്രീയോട് അപമര്യാദയായി പെരുമാറിയ കേസിൽ നടപടിയെടുക്കാൻ വൈകിയതിനെ തുടർന്ന് എറണാകുളം റേഞ്ച് ഡിഐജിയുടേതാണ് നടപടി.കേസെടുക്കാൻ വൈകി, ദുർബലമായ വകുപ്പുകൾ ഇട്ടു, പരാതി കൈപ്പറ്റിയ രസീത് കൈമാറിയില്ല തുടങ്ങിയ കാര്യങ്ങളിൽ പൊലീസിന് വീഴ്ച പറ്റിയെന്നാണ് വിമർശനം.
ജൂലൈ 13നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സ്ത്രീയോട് സ്കൂട്ടറിലെത്തിയ യുവാവ് അപമര്യാദയായി പെരുമാറിയതായി വൈക്കം പൊലീസിൽ യുവതി പരാതി നൽകിയിരുന്നു.
നടപടിയെടുക്കാതെ വന്നപ്പോഴാണ് ഡിഐജിയെ ഫോൺ വിളിച്ച് വിവരം അറിയിച്ചതും വൈക്കം പൊലീസ് കേസെടുക്കാത്ത വിവരം പരാതിപ്പെടുകയും ചെയ്തത്. തുടർന്ന് ജൂലൈ 16ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഇടപെടലിൽ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തു.
പ്രതിയെ തിരുവനന്തപുരം കിളിമാനൂരിൽ നിന്ന് കഴിഞ്ഞ ദിവസം പിടികൂടി. പൊലീസിന്റെ വീഴ്ചയുമായി ബന്ധപ്പെട്ട് കോട്ടയം സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയാണ് അന്വേഷണം നടത്തിയത്




