കേരളം കണ്ടതിൽ വച്ച് ഏറ്റവും ജനപ്രിയ മുഖ്യമന്ത്രി എന്ന പദവി ഉമ്മൻചാണ്ടിക്ക് സ്വന്തമായിരുന്നു. ജനങ്ങളുമായി ഇത്രയധികം അടുപ്പമുണ്ടായിരുന്ന ഒരു മുഖ്യമന്ത്രി ഉണ്ടോ എന്ന് ചോദിച്ചാൽ ഉമ്മൻചാണ്ടിക്ക് അപ്പുറം വേറെ ആരും ഇല്ല. ഞായറാഴ്ച ദിവസങ്ങൾ പുതുപ്പള്ളിയിൽ ജനങ്ങളുടെ ഒത്തുചേരൽ ആയിരുന്നു. പരാതിയും പരിഭവവും ഒക്കെയായി തൻറെ പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിനെ കാണാൻ.
പുതുപ്പള്ളിയിൽ നിന്ന് മാത്രമല്ല കേരളത്തിൻറെ പല പ്രദേശങ്ങളിൽ നിന്നും ആളുകൾ ഒഴുകിയെത്തിയിരുന്നു. ഉമ്മൻചാണ്ടിയുടെ രാഷ്ട്രീയ പ്രവേശനം സെന്റ് ജോർജ് സ്കൂൾ കെ എസ് യു യൂണിറ്റ് പ്രസിഡണ്ടായി ആയിരുന്നു. പിന്നീട് കോട്ടയം ജില്ലാ സെക്രട്ടറിയും സംസ്ഥാന ജനറൽ സെക്രട്ടറിയുമായി.ആന്റണിയും വയലാർ രവിയുമൊക്കെ ആയിരുന്നു അന്ന് നേതൃനിരയിൽ.
പിന്നീട് ആന്റണിയുടെ വിശ്വസ്തനായി നിന്ന ഉമ്മൻചാണ്ടി രാഷ്ട്രീയവഴിയിൽ എകെയുടെ പിന്മുറക്കാരനുമായി. 1967ൽ എകെ ആന്റണി കെ എസ് യു അധ്യക്ഷ സ്ഥാനത്തു നിന്ന് പടിയിറങ്ങിയപ്പോൾ ആ പദവിയിൽ എത്തിയത് ഉമ്മൻചാണ്ടി ആയിരുന്നു.
1970ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായ ചുമതയേറ്റത്തിന് പിന്നാലെ ആയിരുന്നു പുതുപ്പള്ളിയിൽ നിന്നുള്ള കന്നിയങ്കം. പിന്നീട് മരണം വരെ നീണ്ട അമ്പത്തിമൂന്ന് വർഷക്കാലം പുതുപ്പള്ളിയുടെ പ്രതിനിധിയായി ഉമ്മന്ചാണ്ടി. കേരള നിയമസഭാ ചരിത്രത്തിലെ റെക്കോഡ് കൂടിയാണിത്. 34 വയസിൽ മന്ത്രിയായത്. 77ലെ കരുണാകരൻ സർക്കാരിൽ തൊഴിൽ മന്ത്രിയായി, പിന്നീട് പലമന്ത്രിസഭകളിലും ആഭ്യന്തര, ധനകാര്യ വകുപ്പ് കൈകാര്യം ചെയ്തു.
രണ്ടു തവണ സംസ്ഥാന മുഖ്യമന്ത്രിയായി. എം എ കുട്ടപ്പന് രാജ്യസഭാ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച്1991ൽ ധനമന്ത്രി സ്ഥാനം രാജിവച്ച ചരിത്രവുമുണ്ട് ഉമ്മൻചാണ്ടിക്ക്. സംസ്ഥാന കോൺഗ്രസിൽ കെ കരുണാകരൻ – എകെ ആന്റണി പോര് മുറുകി നിന്ന ഘട്ടത്തിൽ എ ഗ്രൂപ്പിന്റെ മുന്നണി പോരാളി ആയിരുന്നു ഉമ്മൻചാണ്ടി.
കെ കരുണാകരനെയോ എകെ ആന്റണിയെ പോലെയായോ ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുവച്ചിട്ടില്ല ഉമ്മൻചാണ്ടി. പുതുപ്പള്ളി മുതൽ പുതുപ്പള്ളി വരെ നീണ്ടതായിരുന്നു ഉമ്മൻചാണ്ടിക്ക് രാഷ്ട്രീയം.
Join:👉 Whatsapp l Telegram l Google News




