ലോക ജനതയെ ഇത്രയും അധികം ദുരിതത്തിലാഴ്ത്തിയ മറ്റൊരു മഹാമാരി ഇല്ല. കോവിഡ് എന്ന മഹാമാരി വരുത്തിവെച്ച വിന ചെറുതൊന്നുമല്ല. ജീവിതത്തിൻറെ എല്ലാ മേഖലകളിലും നഷ്ടങ്ങൾ മാത്രമാണ് സമ്മാനിച്ചത്. ഭൂമിയിൽ നിന്ന് നഷ്ടമായത് അനേകം ജീവനുകളാണ്. എന്നാൽ കോവിഡിന്റെ വകഭേദങ്ങൾ വിവിധ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നു. അതിൽ വളരെ വേഗത്തിൽ വ്യാപിക്കുന്ന വകഭേദമാണ് ഇപ്പോൾ ബ്രിട്ടനില്‍ നിന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്
കോവിഡിന്‍റെ പുതിയ വകഭേദം ബ്രിട്ടനിൽ വ്യാപിക്കുന്നതായി റിപ്പോർട്ട്. എരിസ് (ഇ.ജി 5.1) എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന കോവിഡ് വകഭേദമാണ് ബ്രിട്ടനില്‍ പടർന്നുപിടിക്കുന്നതെന്ന് ഇംഗ്ലണ്ടിലെ ആരോഗ്യമന്ത്രാലയം അറിയിച്ചു. ബ്രിട്ടനിലെ ആരോഗ്യപ്രവര്‍ത്തകര്‍ ജാഗ്രതയിലാണെന്നും പത്രകുറിപ്പിൽ പറയുന്നു.ബ്രിട്ടനില്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏഴിലൊന്ന് കോവിഡ് കേസുകളും എരിസ് മൂലമാണെന്നാണ് കണ്ടെത്തല്‍. ഇക്കഴിഞ്ഞ ജൂലായ് 31നാണ് പുതിയ വകഭേദം തിരിച്ചറിഞ്ഞത്.
പുതിയ കോവിഡ് വകഭേദം വ്യാപിക്കുന്ന സാഹചര്യത്തിൽ മറ്റ് രാജ്യങ്ങളോട് ജാഗ്രത പാലിക്കാൻ ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകി.
എല്ലാ രാജ്യങ്ങളും കോവിഡ് പെരുമാറ്റച്ചട്ടം പിന്തുടരണെന്നും ലോകാരോഗ്യസംഘടന നിർദേശിച്ചു.ജലദോഷം, തലവേദന, പനി എന്നിവയാണ് രോഗലക്ഷണങ്ങള്‍. മോശം കാലാവസ്ഥയും കുറയുന്ന പ്രതിരോധ ശക്തിയുമാണ് എരിസ് വകഭേദം പടർന്നുപിടിക്കാൻ കാരണം.



