വീട്ടിൽ കയറി അതിക്രമം കാണിച്ചെന്ന കേസില്‍ ആളുമാറി 80 വയസ്സുകാരിയെ നാലുവർഷം കോടതി കയറ്റി. ഭാരതി എന്ന വയോധികയെയാണ് പാലക്കാട് ടൗൺ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. ചെയ്ത കുറ്റമെന്താണെന്ന് അറിയാതെ നാല് വര്‍ഷത്തോളം കോടതികയറിയിറങ്ങിയ ശേഷമാണ് ആളുമാറിയാണ് പോലീസ് ഭാരതിയെ അറസ്റ്റ് ചെയ്തതെന്ന് വ്യക്തമായത്.
1998ലാണ് കേസിനാസ്പദമായ സംഭവം. കള്ളിക്കാട് സ്വദേശി രാജഗോപാൽ എന്നയാളുടെ വീട്ടിൽ ജോലിചെയ്തിരുന്ന ഭാരതി എന്നയാൾ അതിക്രമം കാണിച്ചു എന്ന് ചൂണ്ടിക്കാട്ടി പോലീസിൽ ഒരു പരാതി ലഭിച്ചു. എന്നാൽ കേസിലെ യഥാർഥ പ്രതിയായ ഭാരതി, 80 വയസ്സുള്ള ഭാരതിയുടെ മേൽവിലാസം കൊടുത്ത് പൊലീസിനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.
എന്നാൽ പോലീസ് ഇക്കാര്യത്തില്‍ കൂടുതൽ അന്വേഷണം നടത്തിയതുമില്ല. പിന്നാലെ ഇപ്പോൾ നിരപരാധിയാണെന്ന് കണ്ടെത്തിയ ഭാരതിക്കെതിരെ നടപടിയുമായി മുന്നോട്ടു പോകുകയും ചെയ്തു.യഥാര്‍ത്ഥ പ്രതി താനല്ലെന്ന് തെളിയിക്കുന്നതിനായി നാലുവർഷത്തോളം നിരപരാധിയായ ഭാരതി കോടതി വരാന്തകൾ കയറി ഇറങ്ങി.
തന്റെ വീട്ടിൽ അതിക്രമം നടത്തിയ ഭാരതി ഇതല്ലെന്ന് പരാതിക്കാരൻ തന്നെ കോടതിയിൽ വ്യക്തമാക്കിയതോടെ സംഭവത്തില്‍ വഴിത്തിരിവ് ഉണ്ടായത്. പോലീസിനോട് പലതവണ ഇക്കാര്യം അറിയിച്ചിരുന്നെങ്കിലും അവർ ഇതൊന്നും ചെവിക്കൊണ്ടില്ലെന്നാണ് ഭാരതിയും കുടുംബവും പറയുന്നത്.
‘എനിക്കെതിരെയുള്ള കേസ് എന്താണെന്നു പോലും അറിവുണ്ടായിരുന്നില്ല. വക്കീലിന്റെ അടുത്തെത്തിയപ്പോഴാണ് വീട്ടുപണിക്ക് പോയ കേസാണെന്ന് പോലും അറിഞ്ഞത്. പലതവണ പോലീസിനോട് പറഞ്ഞിട്ടുണ്ട്. കുറ്റക്കാരിയല്ലെന്നു തെളിഞ്ഞതിൽ ദൈവത്തോട് നന്ദി പറയുന്നു.’ ഭാരതി പറഞ്ഞു.




