വാഴൂർ: കൊടുങ്ങൂർ കവലയിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ നിരവധി ബൈക്കുകൾ ഇടിച്ച് തെറിപ്പിച്ചു.കൊടുങ്ങൂർ ഗവ.ഹൈസ്കൂളിൻ്റെ മുൻവശത്തായിരുന്നു അപകടം.രാവിലെ പത്തരയോടു കൂടിയായിരുന്നു അപകടം നടന്നത്.മണിമല ഭാഗത്തു നിന്നും വന്ന കാർ സ്കൂളിന് മുൻവശത്ത് എത്തിയപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട് സ്കൂൾ കോമ്പോണ്ടിനോട് ചേർന്ന് പാർക്ക് ചെയ്തിരുന്ന ബൈക്കുകൾക്കിട്ട് ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ആറ് ബൈക്കുകൾ തകർന്നു. ഒരു ബൈക്ക് പൂർണ്ണമായും ഉപയോഗിക്കാൻ സാധിക്കാത്ത വിധം തകർന്നു. കാണക്കാരി സ്വദേശിയായ വ്യാപാരി വ്യവസായിയുടെ കാറാണ് ഇടിച്ചത്.
ശാരീരിക അസ്വസ്തത വന്നതാണ് നിയന്ത്രണം നഷ്ടപ്പെടാൻ കാരണമെന്നാണ് പ്രാഥമിക വിവരം. ഗ്രാമ പഞ്ചായത്തിലെ ഒരു മെമ്പർ ഭാഗ്യം കൊണ്ടാണ് അപകടസ്ഥലത്തു നിന്ന് രക്ഷപെട്ടത്. പള്ളിക്കത്തോട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
മണിമല റോഡിൽ സ്കൂൾ മതിലിനോട് ചേർന്ന് അനധികൃത പാർക്കിങ്ങിനെതിരെ സ്കൂൾ പി.റ്റി.എ നിരവധി തവണ വേണ്ടപ്പെട്ട അധികാരികൾക്ക് പരാതി നൽകിയിട്ടും, യാതൊരു നടപടിയും കാണാതെ വന്നപ്പോൾ കുട്ടികളുടെ സുരക്ഷയെ മുൻനിർത്തി പാർക്ക് ചെയ്ത എല്ലാ വാഹനങ്ങളിലും "ദയവായി മാറ്റി പാർക്ക് ചെയ്ത് അപകട സാധ്യത ഒഴിവാക്കു;" എന്ന അഭ്യർത്ഥന വച്ചിരുന്നതാണ് എന്ന് സ്കൂൾ പി.റ്റി എ കമ്മിറ്റിക്കാർ പറഞ്ഞു. അപകടങ്ങൾ തുടരാതിരിക്കാൻ മറ്റൊരു സ്ഥലത്തേയ്ക്ക് വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യമൊരുക്കിക്കൊടുക്കുമെന്നാണ് വീണ്ടും പ്രതീക്ഷ.