![]() |
| ഗൂഗിൾ ന്യൂസിലും വാർത്തകൾ വായിക്കാം |
പനമ്പിള്ളി നഗറിലെ നവജാത ശിശുവിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്. തലയോട്ടി പൊട്ടിയതാണ് കുഞ്ഞിന്റെ മരണത്തിന് മുഖ്യ കാരണമെന്നാണ് കണ്ടെത്തൽ. കീഴ്ത്താടിക്കും പൊട്ടലുണ്ട്. കുഞ്ഞിനെ വലിച്ചെറിഞ്ഞപ്പോഴാകാം പൊട്ടലുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ശ്വാസം മുട്ടിയതിന്റെ ലക്ഷണമുണ്ടെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയായ 23കാരിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. യുവതിയെ പീഡിപ്പിച്ചെന്ന് കരുതുന്നയാളെ തിരിച്ചറിഞ്ഞെന്ന് പൊലീസ് അറിയിച്ചു.
ഇന്നലെ രാവിലെ അഞ്ചുമണിയോടെ പ്രസവിച്ച യുവതി, കുഞ്ഞിനെ രാവിലെ എട്ട് മണിയോടെ ഫ്ളാറ്റില്‍ നിന്ന് പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു. കൃത്യം നടത്തിയത് യുവതി ഒറ്റയ്ക്കാണ്. മാതാപിതാക്കള്‍ക്ക് യുവതി ഗര്‍ഭിണിയാണെന്ന് അറിയില്ലായിരുന്നുവെന്നാണ് പൊലീസിന് നല്‍കിയ മൊഴി. യുവതിയെ പീഡിപ്പിച്ചെന്ന് കരുതുന്ന ആളെ തിരിച്ചറിഞ്ഞെന്നും ഇയാള്‍ നിരീക്ഷണത്തിലാണെന്നുമാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്.






