![]() |
| ഗൂഗിൾ ന്യൂസിലും വാർത്തകൾ വായിക്കാം |
ചാമംപതാൽ: കിണറ്റിലെ വെള്ളത്തിന് പാൽ നിറവും ദുർഗന്ധവും. ചാമംപതാൽ ഏറമ്പടത്തിൽ സന്തോഷിന്റെ കിണറ്റിലെ വെള്ളമാണ് പതച്ച് പാൽ പോലെയായത്. വെള്ളത്തിന് രൂക്ഷ ഗന്ധവുമുണ്ട്. ചൊവ്വാഴ്ച രാവിലെ മോട്ടറടിച്ച ശേഷം ടാപ്പ് തുറന്നപ്പോളാണ് വെള്ളം പാലുപോലെ കണ്ടത്. ബക്കറ്റിൽ വീണ വെള്ളം പതച്ചൊഴുകിയപ്പോളാണ് കിണറ്റിൽ നോക്കിയത്. കിണറ്റിലെ വെള്ളം പൂർണമായി വെള്ള നിറത്തിലായിരുന്നു. എന്നാൽ സമീപത്തെ കിണറുകളിലൊന്നും ഈ പ്രശ്‌നമില്ല.
കിണറ്റിലെ വെള്ളം പാൽനിറത്തിലായതിന് പിന്നിൽ സ്വകാര്യ ഫാക്ടറിയിൽനിന്നുള്ള മാലിന്യമാണെന്ന് നാട്ടുകാർ തിരച്ചിൽ നടത്തി കണ്ടെത്തി. വീടിന് സമീപം പ്രവർത്തിക്കുന്ന ഭക്ഷ്യവസ്തുക്കൾ പായ്ക്ക് ചെയ്ത് മൊത്തവിൽപ്പന നടത്തുന്ന സ്ഥാപനത്തിന് പിന്നിൽ ഇരുപതിനായിരത്തോളം പഴകിയ കോഴിമുട്ടകൾ വലിയ കുഴികുത്തി കുഴിച്ചിടുകയായിരുന്നു.
മഴ പെയ്തതോടെ കുഴിയിൽ താഴ്ന്ന വെള്ളം കിണറ്റിലെത്തി. മാലിന്യങ്ങൾ മറ്റെവിടെയെങ്കിലും സംസ്കരിക്കാനും കിണർ തേകി വൃത്തിയാക്കി നൽകാനും ആരോഗ്യവകുപ്പ് കമ്പനി അധികൃതരോട് നിർദേശിച്ചു. വിഷയത്തിൽ ഫാക്ടറി ഉടമയ്ക്ക് നോട്ടീസ് നൽകിയതായും പഞ്ചായത്ത് അധികൃതർ അറിയിച്ചു .





