ജില്ലയിൽ എം.സി.റോഡ്, കെ.കെ. റോഡ് തുടങ്ങിയ പ്രധാന പാതയോരങ്ങൾ വലിച്ചെറിയൽ മുക്തമാക്കുകയാണ് ലക്ഷ്യം. കോട്ടയം ജില്ലാ രൂപീകരണത്തിന്റെ 75-ാംവാർഷികത്തിൽ കുറഞ്ഞത് 75 ജങ്്ഷനുകൾ സൗന്ദര്യവത്കരിക്കുന്ന പദ്ധതി ഇതോടൊപ്പം വിഭാവനം ചെയ്യുന്നു.
പാഴവസ്തുക്കൾ സ്ഥിരമായി വലിച്ചെറിയുന്ന സ്ഥലങ്ങൾ കണ്ടെത്തി അവിടം കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ നടത്തും. ഓരോ ചെറിയ പ്രദേശത്തിന്റെയും ചുമതല തദ്ദേശസ്ഥാപന പരിധിയിലുള്ള സംഘടനകൾക്കും ക്ലബ്ബുകൾക്കുമായിരിക്കും. പൊതു ഇടങ്ങളിൽ മാലിന്യസംസ്‌കരണത്തിന് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളോടൊപ്പം യുവജനങ്ങളും കൈകോർക്കും.
യുവജനകൂട്ടായ്മകൾ, റസിഡൻസ് അസോസിയേഷൻ, രാഷ്ട്രീയസംഘടനകൾ, സർവീസ്-തൊഴിലാളി സംഘടനകൾ, എൻ.ജി.ഒ.കൾ, കലാ-സാംസ്‌കാരിക സംഘടനകൾ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി പ്രാവർത്തികമാക്കുക. വലിച്ചെറിയൽമുക്ത പാതയോരങ്ങളുടെ ലോഗോ ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദുവും ജില്ലാ കളക്ടർ ജോൺ വി. സാമുവലും ചേർന്ന് പ്രകാശനം ചെയ്തു. മാലിന്യം വലിച്ചെറിയുന്നത് ശ്രദ്ധയിൽപെട്ടാൽ 9446700800 എന്ന വാട്ട്സ് ആപ്പ് നമ്പറിൽ അറിയിക്കാമെന്ന് അധികൃതർ അറിയിച്ചു. ഫെബ്രുവരി 28നകം പദ്ധതി വിജയകരമായി പൂർത്തീകരിക്കുകയാണ് ലക്ഷ്യം.



