കോട്ടയം നാട്ടകത്ത് കല്യാണ സദ്യയ്ക്കിടെ പപ്പടത്തിന്റെ പേരിൽ കൂട്ടയടി. സദ്യ വിളമ്പുന്നതിനിടെ രണ്ടാമതും പപ്പടം വേണമെന്ന് ഒരു സംഘം ആവശ്യപ്പെട്ടതോടെയാണ് കല്യാണച്ചടങ്ങ് കൂട്ടത്തല്ലിന്റെ വേദിയായത്. കോട്ടയം നാട്ടകത്തെ ക്ഷേത്രത്തിൽ ഞായറാഴ്ച നടന്ന വിവാഹച്ചടങ്ങിനിടെയാണ് തമ്മിലടിയുണ്ടായത്. വിവാഹ ചടങ്ങുകൾക്ക് ശേഷം ചെക്കനും പെണ്ണും മടങ്ങിക്കഴിഞ്ഞാണ് മദ്യപ സംഘം സംഘർഷമുണ്ടാക്കിയത്.
മുട്ടം സ്വദേശിനിയായ യുവതിയും കൈനകരി സ്വദേശിയായ യുവാവും തമ്മിലുളള വിവാഹമായിരുന്നു ക്ഷേത്രത്തിൽ നടന്നത്. വിവാഹ ചടങ്ങുകൾക്ക് ശേഷം മദ്യപിക്കുന്നതിന് ടച്ചിങ്സ് തേടിയെത്തിയ മദ്യപസംഘമാണ് ബന്ധുക്കൾ അടക്കമുള്ളവരുമായി ഏറ്റുമുട്ടിയത്. ആദ്യം ടച്ചിങ്സ് ചോദിച്ചെത്തിയ മദ്യപ സംഘം സദ്യ കഴിക്കാൻ ഇരുന്നതോടെയാണ് പ്രശ്‌നങ്ങൾക്ക് തുടക്കമായത്.
ഭക്ഷണം കഴിക്കാൻ ഇരുന്ന മദ്യപസംഘത്തിൽ ഒരാൾ രണ്ടാമതും പപ്പടം ചോദിക്കുകയായിരുന്നു. ഇതേച്ചൊല്ലി വിളമ്പുകാരും മദ്യപസംഘവുമായി വാക്കേറ്റമുണ്ടായി. പിന്നീടുണ്ടായ സംഘർഷത്തിൽ രണ്ടു പേരുടെ തല പൊട്ടി. നാട്ടുകാർ വിവരം അറിയിച്ചതോടെ സ്ഥലത്ത് എത്തിയ പൊലീസ് സംഘമാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്. രണ്ടുപേരെ പരിക്കുകളോടെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചു. രണ്ട് കൂട്ടർക്കും പരാതിയില്ലാത്തതിനാൽ പൊലീസ് കേസെടുത്തിട്ടില്ല.



