മകരജ്യോതി ദർശനത്തിന് 6 ദിവസം ബാക്കിനിൽക്കെ സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലും ശരണവഴികളിലും തീർഥാടകർ നിറഞ്ഞു. എല്ലാ വഴികളും തിങ്ങിനിറഞ്ഞാണു തീർഥാടകർ നീങ്ങുന്നത്. 90,000 തീർഥാടകർ ഒരു ദിവസം ദർശനം നടത്തുന്നുണ്ട്
പരമ്പരാഗത കാനനപാതയിലൂടെയുള്ള തീർഥാടക പ്രവാഹം സർവകാല റെക്കോർഡിലേക്ക്. ചൊവ്വാഴ്ച വൻ തിരക്കാണ് അനുഭവപ്പെട്ടത്. തിരക്ക് കൂടിയതോടെ സത്രം പുൽമേടു വഴി ഉള്ള തീർത്ഥാടക സഞ്ചാര സമയത്തിൽ മാറ്റം വരുത്തിയെന്ന് വനം വകുപ്പ് അറിയിച്ചു. തീർത്ഥാടനം സജീവമായിരുന്ന വർഷങ്ങളെ അപേക്ഷിച്ച് അതിന്റെ ഇരട്ടി തീർത്ഥാടകർ ഇപ്പോൾ തന്നെ കാനന പാതയിലൂടെ കടന്നുപോയി എന്നാണ് കണക്കാക്കുന്നത്. ദിവസം 20,000 മുതൽ 25,000 പേർ വരെ കടന്നുപോകുന്നു
രാവിലെ ഏഴ് മുതൽ ഉച്ചക്ക് 12 മണി വരെയാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ഇതിനിടെ രാത്രിയിൽ കാനനപാതയിൽ ഉരക്കുഴിയിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെ ശാരീരിക അവശതകളെ തുടർന്ന് വനത്തിനുള്ളിൽ കുടുങ്ങിക്കിടന്ന തമിഴ്നാട് സ്വദേശികളായ നാല് അയ്യപ്പഭക്തരെ സുരക്ഷിതമായി സന്നിധാനം ആശുപത്രിയിൽ എത്തിച്ചു.
ശബരിമല മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് സത്രത്തിൽ നിന്നും പുല്ലുമേട് വഴി തീർത്ഥാടകരെ കടത്തിവിടുന്ന സമയക്രമത്തിൽ മാറ്റം വരുത്തി ഇടുക്കി ജില്ലാ ഭരണകൂടം ഉത്തരവ് പുറപ്പെടുവിച്ചു. പ്രവേശന സമയം രാവിലെ 7.00 മുതൽ ഉച്ചയ്ക്ക് 12.00 വരെയാക്കി പുന:ക്രമീകരിച്ചിട്ടുണ്ട്.
കാനന പാതയിൽ തീർത്ഥാടകരുടെ എണ്ണം വർദ്ധിക്കുകയും വൈകിയുള്ള യാത്രയിൽ സുരക്ഷാ പ്രശ്നങ്ങൾ ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് പ്രവേശന സമയത്തിൽ മാറ്റം വരുത്തിയത്. ദേവസ്വം ഹാളിൽ നടന്ന ഹൈലെവൽ കമ്മിറ്റിയുടെ തീരുമാനത്തിൻ്റെ അടിസ്ഥാനത്തിൽ പെരിയാർ ടൈഗർ റിസർവ് വെസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ സമർപ്പിച്ച ശുപാർശ പരിഗണിച്ചാണ് നടപടിയെന്ന് ഇടുക്കി ജില്ലാ കളക്ടറിൻ്റെ ഉത്തരവിൽ പറയുന്നു. രാവിലെ 7 മുതൽ ഉച്ചക്ക് 1 വരെ യാണ് സത്രത്തിൽ നിന്നും പുൽമേട് വഴി തീർത്ഥാടകരെ കടത്തിവിട്ടിരുന്നത്.
അഴുതക്കടവിലൂടെയും മുക്കുഴിയിലൂടെയും ഉള്ള പ്രവേശന സമയം വൈകിട്ട് 4 മണിവരെയാണ്. ഈ സമയക്രമത്തിന് മാറ്റമില്ല. തീർത്ഥാടകരുടെ സുരക്ഷയും സുഗമമായ തീർത്ഥാടനവും ഉറപ്പാക്കാനാണ് തീർത്ഥാടകരുടെ സത്രം വഴിയുള്ള പ്രവേശന സമയത്തിലെ പുന:ക്രമീകരണം എന്ന് ഇടുക്കി ജില്ലാ കളക്ടറുടെ ഉത്തരവിൽ പറയുന്നു.




