63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് നാളെ സമാപനം. സമാപന സമ്മേളനം വൈകിട്ട് 5 മണിക്ക് പ്രധാന വേദിയായ സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ ആരംഭിക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചലച്ചിത്ര താരങ്ങളായ ടോവിനോ തോമസ്, ആസിഫലി എന്നിവര്‍ മുഖ്യാതിഥികളായെത്തും.
മന്ത്രി ജി. ആര്‍. അനില്‍ അധ്യക്ഷനാകും. കലോത്സവ സ്വര്‍ണക്കപ്പ് വിതരണവും 62ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെയും 2024 സംസ്ഥാന സ്‌കൂള്‍ കായികമേളയുടെയും മാധ്യമ പുരസ്‌കാര വിതരണവും പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിക്കും.സ്വര്‍ണ കപ്പ് രൂപകല്പന ചെയ്ത ചിറയിന്‍കീഴ് ശ്രീകണ്ഠന്‍നായരെ സമാപനസമ്മേളനത്തില്‍ പൊന്നാട അണിയിച്ചു ആദരിക്കും. പാചക രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കുന്ന പഴയിടം മോഹനന്‍ നമ്പൂതിരി, കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പില്‍ പ്രധാന പങ്ക് വഹിച്ച ഹരിത കര്‍മ്മസേന, പന്തല്‍, ലൈറ്റ് ആന്‍ഡ് സൗണ്ട്‌സ് തുടങ്ങിയവരെയും ആദരിക്കും.
പല ഇനങ്ങളിലായി എഴുപത്തി എട്ടോളം പുരസ്‌കാരങ്ങളാണ് നല്‍കുന്നത്. വേദിയിലെത്തി സമ്മാനം സ്വീകരിക്കുന്നതിനായി പരമാവധി പത്ത് പേരെ മാത്രമേ അനുവദിക്കൂ. എട്ട് വിദ്യാര്‍ഥികളും രണ്ട് അധ്യാപകരും അടങ്ങുന്ന സംഘത്തിനാണ് അനുമതി. ഇവര്‍ക്ക് പ്രത്യേകം തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. വേദിയിലെ അനാവശ്യ തിരക്ക് ഒഴിവാക്കുന്നതിനാണ് ക്രമീകരണം




