വാഴൂർ: മകൻ കലാകാരൻ ആകണമെന്ന് സ്വപ്നം കണ്ട അച്ഛൻ യാത്രയായി. അച്ഛൻറെ ചിതയ്ക്ക് തീ കൊളുത്തിയശേഷം മകൻ ഹരിഹർദാസ് കലോത്സവ വേദിയിൽ എത്തി. വൃന്ദ വാദ്യത്തിൽ ളാകാട്ടൂർ എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിലെ കൂട്ടുകാർക്കൊപ്പം ഹരി പെർഫോം ചെയ്തു.
വെള്ളയും കറുപ്പും യൂണിഫോം ഇട്ട് കൂട്ടുകാർ വേദിയിൽ എത്തിയപ്പോൾ അവൻ അവൻറെ അച്ഛൻറെ വാച്ചും ഷർട്ടും ചെരിപ്പും ധരിച്ചു കൊണ്ടാണ് പെർഫോം ചെയ്തത്.
ഫലം വന്നപ്പോൾ അവനും കൂട്ടുകാർക്കും എ ഗ്രേഡ് ലഭിച്ചു .ഹരിയെ ആശ്വസിപ്പിച്ച് മന്ത്രി വീണാ ജോർജ് ഒപ്പം കൂടി. കോട്ടയം വാഴൂർ സ്വദേശിയായ അയ്യപ്പദാസ് കലാകാരനും ഗാനമേള ടീമുകളുടെ പ്രിയപ്പെട്ടവനും ആയിരുന്നു.
കലാഭവൻ ഗാനമേള ട്രൂപ്പിൽ തുടക്കം കുറിച്ച അയ്യപ്പദാസ് പിന്നീട് നിരവധി ഗാനമേള ട്രൂപ്പുകളിലും ടെലിവിഷൻ ഷോകളിലും തൻറെ കഴിവ് തെളിയിച്ചു. കഴിഞ്ഞ ശനിയാഴ്ച രാത്രി കാണക്കാരിയിൽ പ്രോഗ്രാം കഴിഞ്ഞു വരുന്ന വഴിയിൽ ഏറ്റുമാനൂരിൽ വച്ച് വാഹനാപകടം ഉണ്ടാവുകയും തുടർന്ന് മരണപ്പെടുകയും ആയിരുന്നു.
ഈ സമയം കലോത്സവത്തിന് പങ്കെടുക്കുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നു മകൻ ഹരി ഹർദാസ്. അച്ഛൻറെ വിയോഗം മകനെ അക്ഷരാർത്ഥത്തിൽ തളർത്തി. അച്ഛൻറെ ആഗ്രഹം സഫലമാക്കുന്നതിനാണ് അച്ഛൻറെ ഡ്രസ്സുമായി ഹരി വേദിയിലെത്തിയത്.








