കേന്ദ്രാവിഷ്കൃത പദ്ധതിയായ പിഎംജിഎസ് വൈ പദ്ധതിയുടെ നാലാം ഘട്ടത്തിൽ പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിലെ 140 റോഡുകൾക്ക് അനുമതിയായെന്ന് ആന്റോ ആന്റണി എം.പി അറിയിച്ചു. നിലവിൽ റോഡുകൾ ഇല്ലാത്ത ജനവാസകേന്ദ്രങ്ങളിലേക്ക് ഏത് കാലാവസ്ഥയിലും നിലനിൽക്കുന്ന വിധത്തിൽ പുതുതായി റോഡുകൾ വെട്ടി ദേശീയ നിലവാരത്തിൽ ടാറിങ് നടത്തി ഗതാഗത യോഗ്യമാക്കുന്നതിനാണ് ഈ ഘട്ടത്തിൽ മുൻഗണന നൽകിയിരുന്നത്. 250ൽ അധികം റോഡുകൾ സമർപ്പിച്ചിരുന്നുവെങ്കിലും മൺപാതകൾ മാത്രമാണ് നാലാം ഘട്ടത്തിൽ പരിഗണിച്ചിട്ടുള്ളത്.
ഈ റോഡുകൾ പിഎംജിഎസ് വൈ ഉദ്യോഗസ്ഥർ നേരിട്ട് സന്ദർശിച്ച് എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് ട്രാക്ക് ചെയ്ത് പോർട്ടലിൽ അപ്‌ലോഡ് ചെയ്യുകയായിരുന്നു. പത്തനംതിട്ട ജില്ലയിലെ 80 റോഡുകൾക്കും, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി എന്നീ അസംബ്ലി മണ്ഡലങ്ങളിലെ 60 റോഡുകൾക്കുമാണ് പദ്ധതിയിൽ അനുമതി ലഭിച്ചതെന്നും എംപി പറഞ്ഞു.