ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് കുപ്പികളും പ്ലാസറ്റിക് കവറുകളും ഉപയോഗിച്ച് കോട്ടയം കളക്ട്രേറ്റ് പരിസരത്ത് കേരളത്തിന്റെ ഭൂപടം നിർമ്മിക്കുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് 12ന് നടക്കുന്ന പരിപാടി ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉദ്ഘാടനം ചെയ്യും. ഉപയോഗശൂന്യമായ വസ്തുക്കൾ ഉപയോഗിച്ച് അലങ്കാര വസ്തുക്കൾ നിർമ്മിച്ച് പ്രദർശനവും നടത്തുന്നു.
തദ്ദേശ സ്വയംഭരണ വകുപ്പും രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാനും സംയുക്തമായിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. ക്ലീൻ ഡ്രൈവ് വഴി ശേഖരിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ പ്രദർശനത്തിനുശേഷം ക്ലീൻ കേരള കമ്പനിയ്ക്ക് കൈമാറും. പ്ലാസ്റ്റിക്കിന്റെ കൃത്യമായ സംസ്‌കരണം നടത്തുക, ഉപയോഗം കുറയ്ക്കുക, പുനരുപയോഗവും പുനർചക്രമണവും നടത്തുക എന്നീ സന്ദേശം പൊതുജനങ്ങൾക്ക് നൽകുകയാണ് പരിപാടിയുടെ ലക്ഷ്യം.