വാഴൂർ ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കാലാവസ്ഥ വ്യതിയാന കർമ്മപദ്ധതി രൂപീകരിച്ചു പ്രവർത്തനങ്ങൾ ഏറ്റടുക്കുന്നതിനൊപ്പം, ജൈവവൈവിധ്യ രജിസ്റ്റർ കാലോചിതമായി പരിഷ്കരിക്കുകയും ചെയ്തിരിക്കുകയാണ്. സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ജൈവവിഭവങ്ങൾ സംരക്ഷിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള അധികാരങ്ങളോടെ രൂപീകരിച്ച ജൈവവൈവിധ്യ മാനേജ്മെന്റ് കമ്മിറ്റി (ബി.എം.സി) യോഗ തീരുമാന പ്രകാരം വാഴൂർ ബ്ലോക്ക് പഞ്ചായത്ത് നേതൃത്വത്തിൽ വേറിട്ട ഒരു പദ്ധതി കൂടി ആരംഭിക്കുകയാണ്
"സ്ഥലനാമ വൃക്ഷങ്ങൾ നടീൽ". സംസ്ഥാനത്ത് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം സ്ഥലനാമ വൃക്ഷങ്ങൾ നടീലും അവയുടെ സംരക്ഷണവും എന്ന പദ്ധതി ഏറ്റെടുക്കുന്നത് ആദ്യമായാണ്. വാഴൂർ ബ്ലോക്ക് പരിധിയിൽ പല സ്ഥലനാമങ്ങളും വൃക്ഷങ്ങളുടെ നാമം കൂട്ടിയാണ് അറിയപ്പെടുന്നത് അവയിൽ ചിലത് മൂലേപ്ലാവ്, പുളിക്കൽ കവല,തേക്കുംമൂട്,പ്ലാവോലിക്കവല,പുളിമൂട്, ഈട്ടിക്കാമല, പ്ലാക്കൽപ്പടി, പാലയ്ക്കൽ തുടങ്ങി അനവധി. ഇത്തരത്തിലുള്ള സ്ഥലങ്ങളിൽ അത്തരത്തിലുള്ള വൃക്ഷങ്ങൾ നടുകയും സംരക്ഷണവും ഉറപ്പാക്കലാണ് ലക്ഷ്യം.
നാളെ നാലു മണിക്ക് മണിമലയ്ക്ക് അടുത്തുള്ള മൂലേപ്ലാവിൽ നാടൻ പ്ലാവ് നട്ട് ഗവ.ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിക്കുo. പ്രസ്തുത പ്ലാവിന് എസ്.സി.റ്റി.എം സ്കൂൾകുട്ടികൾ സംരക്ഷണവും പരിപാലനവും നൽകും.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മുകേഷ് കെ മണി അധ്യക്ഷത വഹിക്കും. ബ്ലോക്ക് മെമ്പർമാർ, ജനപ്രതിനിധികൾ, സാമൂഹ്യപ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും