കൊടുങ്ങല്ലൂർ എറിയാട് യു ബസാറിന് സമീപം വീട്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ആശുപത്രിയിൽ വച്ച് മരണപ്പെട്ടു. പാലമുറ്റം കോളനിയിൽ വാക്കാശ്ശേരി ഷിനി(35) ആണ് മരിച്ചത്. മൈക്രോഫിനാൻസ് സ്ഥാപനങ്ങളിൽ നിന്ന് വാങ്ങിയ വായ്പയുടെ തിരിച്ചടവിനായി കളക്ഷൻ ഏജൻറ്മാർ, ജോലി ചെയ്യുന്ന സ്വകാര്യ ആശുപത്രിയിലും വീട്ടിലുമെത്തി സമ്മർദ്ദം ചെലുത്തുകയുണ്ടായി.
പിന്നീട് വ്യാഴാഴ്ച ഉച്ചയോടെ ഏജൻറ്മാർ രണ്ടു ബൈക്കുകളിൽ ആയി വീട്ടിലെത്തി വരാന്തയിൽ ഇരുന്നതായി അയൽവാസികൾ പറഞ്ഞു. വീടിനകത്ത് കയറി ഷിനി വാതിൽ അടച്ചെന്നും, പന്തികേട് തോന്നിയ ഏജൻറ് മാർ സ്ഥലം വിട്ടുവെന്നും നാട്ടുകാർ പറഞ്ഞു.
കാര്യമെന്താണെന്ന് അന്വേഷിച്ചെത്തിയ അയൽവാസികൾ വിളിച്ചിട്ടും വാതിൽ തുറക്കാതെ ആയതോടെ ഭർത്താവ് രതീഷിനെ വിവരം അറിയിച്ചു. ജോലിസ്ഥലത്ത് ആയിരുന്ന രതീഷ് അച്ഛനെ വിവരം അറിയിച്ചതിനെ തുടർന്ന് അച്ഛനെത്തി വിളിച്ചിട്ടും വാതിൽ തുറന്നില്ല.
ബലം പ്രയോഗിച്ച് വാതിൽ തുറന്നു ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകിട്ട് ആറോടെ മരണപ്പെട്ടു. ഷിനിയുടെ അച്ഛൻറെ മൊഴിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി തുടർനടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.
കേരളത്തിൽ മൈക്രോ ഫൈനാൻസ് കാരുടെ പിരിവ് വളരെ വ്യാപകമായിരിക്കുകയാണ്. പല വീടുകളിലും ഭീഷണിയോടുകൂടിയ സ്വരത്തിൽ സംസാരിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. മൈക്രോ ഫിനാൻസ് കാർ കൂടുതലും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കൂലിപ്പണിക്കാരെയാണ് സമീപിക്കുന്നത്.
വലിയ വാഗ്ദാനങ്ങളോടുകൂടി തുക കൊടുക്കുകയും പിന്നീട് മൂന്നിരട്ടി തുക പിരിച്ചെടുക്കുകയും, കൊടുക്കാതെ വന്നാൽ ഭീഷണിപ്പെടുത്തുകയും, വീട്ടിൽ നിന്ന് എത്ര രാത്രിയായാലും പോകാതെ കൈയ്യേറ്റങ്ങൾ നടക്കുന്നതും പതിവായിരിക്കുകയാണ്. അധികാരികൾ അറിഞ്ഞിട്ടും അറിയാത്ത ഭാവത്തിൽ പ്രോത്സാഹനം നൽകുന്നതായി വിവിധ മേഖലകളിൽ നിന്ന് ആളുകൾ പറഞ്ഞു.